ചണ്ഡീഗഡ്: (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാർത്ഥി ആയേക്കും. ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റിൽ ലോക്സഭിലേക്ക് മത്സരിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാകുന്നത്. ഇപ്പോൾ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മുൻ താരം നവജ്യോത് സിംഗ് സിദ്ദുവും ബിജെപിയിലേക്ക് മടങ്ങിയെത്തിയേക്കും.
ഗുരുദാസ്പൂരിൽ നിലവിൽ സണ്ണി ഡിയോളാണ് ബിജെപി എംപി. എന്നാൽ സണ്ണി ഡിയോളിന്റെ പ്രവർത്തനത്തിൽ ജനം അതൃപ്തരാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. അമൃത്സറിൽ സിദ്ദുവിനെ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഉടൻ തന്നെ പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പഞ്ചാബ് നിയമസഭയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിക്കാണ് ഭൂരിപക്ഷം. 2022ൽ ആകെയുള്ള 117 സീറ്റിൽ 92ഉം നേടിയാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിൽ വന്നത്. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് പഞ്ചാബിലുള്ളത്.
#YuvrajSingh #BJP #candidate #LokSabha #elections #announcement