ന്യൂഡൽഹി: (truevisionnews.com) ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ദില്ലി ഫുട്ബോൾ ലീഗില്‍ താരങ്ങൾ ഞെട്ടിക്കുന്ന രീതിയിൽ സെൽഫ് ഗോളുകള്‍ നൽകുന്ന ദൃശ്യങ്ങൾ പുറത്തായി.
അഹ്ബാബ് എഫ്സിയുടെ താരങ്ങളാണ് സ്വന്തം വലയിലേക്ക് പന്തടിച്ച് കയറ്റിയത്. റേഞ്ചേഴ്സ് എഫ്സിക്കെതിരായ മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവം.
അഹ്ബാബ് എഫ്സി ക്ലബിനെ സസ്‌പെന്‍ഡ് ചെയ്ത ഡൽഹി സോക്കർ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അഹ്ബാബ് എഫ്സി നാല് ഗോൾ നേടി മുന്നിലെത്തിയതിന് പിന്നാലെയാണ് രണ്ട് തവണ ക്ലബിന്‍റെ താരങ്ങള്‍ സെൽഫ് ഗോൾ അടിച്ചത്.
റേഞ്ചേഴ്സ് എഫ്സി താരങ്ങൾ പന്തിനായി ശ്രമം നടത്താതെ നിൽക്കുന്ന ഘട്ടത്തിലാണ് ഗോളുകൾ വന്നത്. അതും ഗോളി വെറും കാഴ്ചക്കാരനായി നോക്കിനില്‍ക്കേ. ബാക്ക്‌പാസ് നല്‍കി കളിച്ചുകൊണ്ടിരുന്ന അഹ്ബാബ് എഫ്സി താരങ്ങള്‍ വിചിത്രമായ രീതിയില്‍ സെല്‍ഫ് ഗോളുകള്‍ സ്വന്തം വലയിലാക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഗോളിയുടെ നിരാശയും താരങ്ങളുടെ പെരുമാറ്റവും ഒത്തുകളി ആരോപണത്തിന് തെളിവായി പലരും നിരത്തുന്നു. സെല്‍ഫ് ഗോളുകള്‍ വിവാദമായതോടെ അഹ്ബാബ് എഫ്സിയെ ദില്ലി സോക്കർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു.
ക്ലബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മിനര്‍വ പഞ്ചാബിന്‍റെയും ഡല്‍ഹി എഫ്സിയുടെയും ഉടമയായ രഞ്ജിത് ബജാജ് സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒത്തുകളിക്ക് തെളിവുകളായി മത്സരത്തിലെ വീഡിയോകള്‍ രഞ്ജിത് ബബാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഐ ലീഗ്, ദില്ലി സോക്കര്‍ അസോസിയേഷന്‍, ദില്ലി പൊലീസ് എന്നിവയെ ടാഗ് ചെയ്താണ് രഞ്ജിത്തിന്‍റെ ട്വീറ്റ്. ഒത്തുകളി സംബന്ധിച്ച് നേരത്തെ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ആരും ഗൗനിച്ചില്ല എന്നും രഞ്ജിത് ബജാജ് പറയുന്നു.
ദില്ലി ഫുട്ബോള്‍ ലീഗില്‍ ഒത്തുകളി ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് കല്യാണ്‍ ചൗബേ വ്യക്തമാക്കി.
'ദൃശ്യങ്ങള്‍ പ്രഥമദൃഷ്ട്യാ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. മത്സരങ്ങളില്‍ നിന്ന് ഒത്തുകളിയും അഴിമതിയും ഒഴിവാക്കുന്നതിനായി തീവ്രമായ ശ്രമങ്ങളിലാണെന്നും ശക്തമായ തെളിവുകള്‍ ശേഖരിച്ച് വരികയാണ്' എന്നും അദേഹം ട്വീറ്റില്‍ കുറിച്ചു.
#Constant #own #goals; #match-#fixing #controversy #rocked #Indianfootball