ആറ്റിങ്ങല്‍ (തിരുവനന്തപുരം): (truevisionnews.com) വാമനപുരം ആറ്റിലെ കൊല്ലമ്പുഴ ആറാട്ടുകടവില്‍ ചൂണ്ടയിടാന്‍ പോയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു.

ആറ്റിങ്ങല്‍ എ.സി.എ.സി.നഗര്‍ വട്ടവിളവീട്ടില്‍ സതീഷ് (38) എ.സി.എ.സി നഗര്‍ ചെറുവത്തിയോട് വീട്ടില്‍ സെമീര്‍ (36) എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.
സെമീറിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ടും സതീഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയുമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരും ചൂണ്ടയിടാനായി കൊല്ലമ്പുഴ ആറാട്ടുകടവില്‍ എത്തിയത്.
വൈകുന്നേരം ആറ് മണിയോടെ കടവിന് സമീപത്തുകൂടി പോയ പ്രദേശവാസികളാണ് സെമീറിന്റെ മൃതദേഹം വെള്ളത്തില്‍ കാണുന്നത്. സമീപത്തായി രണ്ടുപേരുടെ വസ്ത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു.
ഉടന്‍ സ്ഥലത്തെത്തിയ സംഘം രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും സതീഷിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ നദിയിലെ ചെളിയില്‍ താഴ്ന്ന നിലയില്‍ കടവിന് സമീപത്ത് നിന്നുമാണ് സതീഷിനെ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍ എ.സി.എ.സി നഗറില്‍ ഇരുവരുടെയും മൃതദേഹങ്ങല്‍ പൊതുദര്‍ശനത്തിന് വെച്ചു.
സതീഷിന്റെ സംസ്‌കാരം മൂന്നുമണിയോടെ വീട്ടുവളപ്പില്‍ നടന്നു. സെമീറിനെ മണ്ണൂര്‍ഭാഗം ജുമാ മസ്ജിദിലും കബറടക്കി.ചന്ദ്രന്‍-ചന്ദ്രിക ദമ്പതിമാരുടെ മകനാണ് സതീഷ്. സന്ധ്യ, സിന്ധു, ശോഭ എന്നിവര്‍ സഹോദരങ്ങളാണ്. സെമീറിന്റെ ഭാര്യ തന്‍സി.
#Friends #who #fishing #drowned #river
