(truevisionnews.com) പേടിഎം യൂസർമാർ ആരും തന്നെ ആർബിഐയുടെ വിലക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകൻ വിജയ് ശേഖർ. ഈ മാസം 29 ന് ശേഷം പേടിഎം ആപ്പ് സാധാരണ പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോടിക്കണക്കിന് യൂസർമാരുള്ള ആപ്പാണ് പേടിഎം. പേടിഎം പേയെമെന്റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് മുന്നറിയിപ്പ് പുറത്തിറക്കിയത്.
പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് (ഒസിഎൽ) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് വീണ സ്ഥിതി വന്നാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാൻ കമ്പനിക്ക് കഴിയും.
പുതിയ പേടിഎം വാലറ്റ് തുറക്കാനാകില്ല എങ്കിലും നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയും.
പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകൾ, ഫാസ്ടാഗ്, എൻസിഎംസി (നാഷണൽ കോമൺ മൊബിലിറ്റി കാർഡ്) കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലെ നിരോധനം ബാധിക്കുക.
അക്കൗണ്ടിൽ പണമുള്ള പേടിഎം ഉപഭോക്താവാണ് നിങ്ങളെങ്കിൽ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്), എഎംപിഎസ് (ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം), ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകും.
#Paytmapp #work #normally #again? #Founder #explanation