Jan 25, 2024 02:54 PM

(truevisionnews.com) നാളെ ചരിത്രം വെളിപ്പെടുത്തുമ്പോൾ മാത്രമാകും കുടിലതന്ത്രത്തിന്റെ ആഴം തിരിച്ചറിയുക. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വിളംബരം ചെയ്യപ്പെട്ട രാമക്ഷേത്രനിർമാണത്തിന്റെ സാഫല്യവുമായി 2024 ലെ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ബി.ജെ.പി.

ശ്രീരാമൻ എന്ന ഇതിഹാസ കഥാപുരുഷൻ ദശരഥന്റെ പുത്രനായി അയോധ്യയിൽ ജനിച്ചുവെന്ന് പറയപ്പെടുന്ന പ്രദേശത്തെ മാനിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു പള്ളി തകർത്തുകൊണ്ട് അദ്ദേഹത്തിന്റെ പേരിലൊരു ക്ഷേത്രം നിർമ്മിക്കുന്നതിന്റെ ചടങ്ങുകൾ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള കാർമികത്വത്തിൽ നടന്നു.

ശ്രീരാമന്റെ ചെറിയ രൂപമായ രാം ലല്ല വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്ന പ്രാണ പ്രതിഷ്ഠയാണ് അയോധ്യയിൽ നടന്നത്. ലോകത്തെമ്പാടുമുള്ള രാമഭക്തർക്ക് കാണത്തക്കരീതിയിൽ വിവിധ ക്ഷേത്രങ്ങളിലും പൊതുവിടങ്ങളിലും മറ്റും ചടങ്ങ് ദൃശ്യവൽക്കരിക്കപ്പെട്ടിരുന്നു. ബി.ജെ.പി ഭരിക്കുന്ന 12 സംസ്ഥാനങ്ങളുൾപ്പെടെ 16 സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച പൂർണമായോ ഭാഗികമായോ അവധി കൊടുത്തു.

അങ്ങിനെ ബി.ജെ.പി അവരുടെ വാഗ്ദാനം നിറവേറ്റിയെന്ന് നമുക്ക് മനസ്സിലാക്കാം. ഇനി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും ഭക്തിയുടെ പുറംമോടിയുമായി ഒരു തെരഞ്ഞെടുപ്പുകൂടി സാധ്യമാക്കി മൂന്നാമതും നരേന്ദ്രമോഡി അധികാരത്തിലേറുകയെന്നതാണ് അവരുടെ ടാർഗറ്റ്. ഒരു പക്ഷേ അങ്ങനെ വന്നാൽ ആ ഹാട്രിക്കിന് ഒരു സവിശേഷത ഉണ്ടായേക്കാം.

ഇന്ത്യയുടെ നടപ്പുരീതികളിൽ അവസാനത്തെ പൊതു തെരെഞ്ഞെടുപ്പായി 2024 മാറിയേക്കാം. 2029 ലേക്കെത്തുമ്പോൾ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിലയിലേക്ക് മാറുകയും പുഷ്‌കലമായ ഇന്ത്യൻ ജനാധിപത്യം മൃതിയടയുകയും ചെയ്‌തേക്കാം. ഈ മാറ്റം ഇന്ത്യയുടെ പൊതുബോധമായി മാറുകയാണ്. വൈകാരികമായ സൃഷ്ടിക്കലാണ്.

അങ്ങനെ ഉണ്ടാക്കുന്ന ഐകമത്യം വഴി അപരവൽക്കരിക്കപ്പെട്ട സമൂഹത്തിന് മേലുള്ള കടന്നു കയറ്റങ്ങൾ എല്ലാം ന്യായീകരിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് ജനം മാറ്റപ്പെടും. ഈ മാറ്റം ഉൾക്കൊണ്ട് കൊണ്ട് പ്രവിശാലമായ ഒരേകകത്തെ പുൽകുന്ന വ്യവസ്ഥാ പദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതങ്ങനെ മനസിലാക്കാൻ പൊതുവെ ആർക്കും സാധിക്കില്ലെന്നതാണ് വാസ്തവം.

''ആദ്യം നമ്മൾ സി.എ.എയുടെ പിൻബലത്തിൽ ഈ നാട്ടിൽ വന്നിട്ടുള്ള എല്ലാ ഹിന്ദുക്കൾക്കും ജൈനനും ബുദ്ധനും സിഖുകാർക്കും ക്രിസ്ത്യാനിക്കും പൗരത്വം നൽകും. അതിന് ശേഷം, ശ്രദ്ധിച്ചു കേൾക്കൂ... ബിജെപി സർക്കാർ എൻ.ആർ.സി കൊണ്ടുവരും. അതിനു ശേഷം ഇവിടെ നുഴഞ്ഞു കയറിവന്ന കന്യാകുമാരി മുതൽ കശ്മീർ വരെയും അസം മുതൽ ഗുജറാത്ത് വരെയുമുള്ള ഓരോരുത്തനെയും, ഓരോരുത്തരെയും തിരഞ്ഞുപിടിച്ചു നമ്മൾ പുറത്താക്കും. ഇവരാണ് ഈ നാടിനെ കുട്ടിച്ചോറാക്കുന്നത്.

' ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ടാം മോഡി സർക്കാർ വരുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ മുസ്‌ലിംകളെ എന്ത് ചെയ്യാൻ പോകുന്നുവെന്ന് ബിജെപി അണികൾക്ക് ഒരു പൊതുപരിപാടിയിൽ വിശദമാക്കിക്കൊടുക്കുന്ന പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്.

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിനായി മാത്രം ലക്ഷ്യമാക്കിയുള്ള ഒന്നായിരുന്നു ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങെന്ന് നാളെ ചരിത്രം വെളിപ്പെടുത്തുമ്പോൾ മാത്രമാകും ഇന്ത്യക്കാർ ഫാസിസത്തിന്റെ കുടിലതന്ത്രത്തിന്റെ ആഴം തിരിച്ചറിയുക.

ശരിയായ രാഷ്ട്രീയാവബോധത്തിന്റെ അസാന്നിധ്യം ഇന്ത്യയെ എത്രമാത്രം ഗ്രസിച്ചുവെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്തത്ര പൊതുബോധ സൃഷ്ടിപ്പിന് നാം വിധേയരായിരിക്കുന്നു. കൃത്യമായി രാഷ്ട്രീയമറിയാവുന്ന നേതൃത്വത്തിന്റെ അഭാവം ഒരു മഹാ രാജ്യത്തിന്റെ നഷ്ടപ്പെട്ട നിധിയായി അവശേഷിക്കുന്നു.

#SriRamaTemplePranaPratishtha: Sri Rama Temple Prana Pratishtha: #Historical #Moment #Hindutva #Politics #Taking #Hold

Next TV

Top Stories