#KeralaSchoolKalolsavam2024 | ഗോത്ര കലകൾക്ക് വൈകി വന്ന അംഗീകാരം; മംഗലം കളി ഇത്തവണ പ്രദർശന ഇനം അടുത്ത വർഷം മുതൽ മത്സര ഇനം

#KeralaSchoolKalolsavam2024 | ഗോത്ര കലകൾക്ക് വൈകി വന്ന അംഗീകാരം; മംഗലം കളി ഇത്തവണ പ്രദർശന ഇനം അടുത്ത വർഷം മുതൽ മത്സര ഇനം
Jan 3, 2024 11:19 AM | By Susmitha Surendran

കൊല്ലം : (truevisionnews.com)  62 )0 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗ്രോത കലകൾക്ക് അംഗീകാരം. ഗോത്ര കലകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് കൊല്ലം കലോത്സവത്തിൽ പരിഗണിക്കപ്പെടാൻ പോകുന്നത്.

ഇത്തവണ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരത്തിൽ കാസർകോട്ടെ ആദിവാസി വിഭാഗങ്ങളായ മാവില - വേട്ടുവ സമുദായങ്ങളുടെ പ്രാചീന കലാരൂപമായ മംഗലംകളി പ്രദർശിപ്പിക്കും.


നൃത്താവിഷ്കാരത്തിൽ പ്രമുഖ നടി ആശാ ശരത്തും തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികളും ചുവടുകൾ വെയ്ക്കും. ദൃശ്യ വിസ്മയത്തിൽ ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം , മയിലാട്ടം, ശിങ്കാരി മേളം, കളരിപയറ്റ് , തുടങ്ങിയവയും അരങ്ങേറും.

ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണ് മംഗലം കളി. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകളിൽ വ്യത്യാസം ഉണ്ടെങ്കിലും അവതരണത്തിൽ മൗലികമായ വ്യത്യാസം കാണാനില്ല.

സ്ത്രീപുരുഷന്മാർ പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് നൃത്തം വെയ്ക്കുന്ന മംഗലംകളിയുടെ വാദ്യസംഘത്തിൽ പൊതുവേ തുടിയാണ് ഉപയോഗിക്കുന്നത്.

പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയാണ് തുടിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലാണ് ഇതിനുപയോഗിക്കുന്നത്. തുടിയുടെ ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെ തുടിയിലുമുണ്ട്.

ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തിൽ വ്യത്യാസമുണ്ടാകും. മംഗലംകളിയിൽ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്യാണപന്തലിലാണ് മംഗലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും.

കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ മുപ്പതോളം ആളുകൾ ഉണ്ടാകും. വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് പുരുഷന്മാർ മാത്രമായിരിക്കും.

രാത്രി മുതൽ പുലർച്ച വരെ കളി തുടർന്നുകൊണ്ടിരിക്കും. മംഗലം കളിയിൽ പാടുന്ന പാട്ടുകളിൽ കല്യാണചടങ്ങുകളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.

മനുഷ്യജീവിതത്തിന്റെ വ്യക്തമായ പ്രതിഫലനം ചില പാട്ടുകളിൽ കാണാവുന്നതാണ്. ഓണം, വിഷു, കല്യാണം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും മറക്കുവാൻ അവർ ആടുകയും പാടുകയും ചെയ്യുന്നു.

അത്തരം സന്ദർഭങ്ങളിൽ ഒരാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ പാട്ടുകളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. മിക്ക പാട്ടുകൾക്കും അതിന്റേതായ ഈണവും ഉണ്ടാകും.

ഒരു പാട്ടിൽ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുമ്പോൾ താളം മാറ്റാനുള്ള അസാധാരണമായ കഴിവ് തുടി ഉപയോഗിക്കുന്നവർക്ക് ഉണ്ടാകും. ഓരോ പാട്ടിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്. വൈവിധ്യമാർന്ന ആശയമുൾക്കൊള്ളുന്ന പാട്ടുകൾ തുളുവിലും മലയാളത്തിലുമാണുള്ളത്.

#62 #Recognition #Grotha #Arts #StateSchoolArtsFestival.

Next TV

Related Stories
Top Stories










GCC News