(truevisionnews.com) വാട്‌സ്ആപ്പിലെ വോയ്‌സ് മെസേജുകൾക്കായി വ്യൂ വൺസ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. 2021ൽ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി അവതരിപ്പിച്ച വ്യൂ വൺസ് ഫീച്ചറിന് സമാനമാണ് ഇതെന്നും കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

കൂടുതൽ സ്വകാര്യത മുൻനിർത്തിയാണ് ഓഡിയോ ഫീച്ചറിന്റെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ശബ്ദ സന്ദേശം മറ്റൊരാൾക്ക് കൈമാറുമെന്ന ആശങ്ക ഇനി വേണ്ടെന്നും പുതിയ ഫീച്ചർ ഓണാക്കി ശബ്ദ സന്ദേശം ധൈര്യമായി അയക്കാമെന്നും മെറ്റ വ്യക്തമാക്കി.
ഓഡിയോ സന്ദേശം വ്യൂ വൺസായി അയയ്ക്കണമെങ്കിൽ വ്യൂ വൺസ് എന്ന ഓപ്ഷൻ ഓരോ തവണയും തെരഞ്ഞെടുക്കണം. വ്യൂ വൺസായി ലഭിക്കുന്ന സന്ദേശങ്ങൾ 14 ദിവസത്തിനുള്ളിൽ തന്നെ ഓപ്പൺ ചെയ്യണമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
കാലാവധി കഴിഞ്ഞാൽ സന്ദേശം ഓപ്പണാകില്ല. ഇവ ഫോർവേഡ്, സേവ്, സ്റ്റാർ എന്നിവയും ചെയ്യാനാകില്ല. വ്യൂ വൺസായി അയക്കുന്ന സന്ദേശങ്ങൾ ഓപ്പണാക്കിയില്ലെങ്കിൽ പിന്നീട് ബാക്ക് അപ്പ് ചെയ്യാനാകുമെന്ന മെച്ചമുണ്ടെന്നും കമ്പനി വ്യക്തമാക്കി.
'എല്ലാ സ്വകാര്യ സന്ദേശങ്ങളെയും പോലെ അപ്രത്യക്ഷമാകുന്ന വോയ്‌സ് സന്ദേശങ്ങളും ഡിഫോൾട്ടായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുണ്ട്.
സന്ദേശം അയയ്ക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമേ സന്ദേശം കാണാനും കേൾക്കാും കഴിയൂ.' കമ്പനിക്ക് പോലും അത് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും മെറ്റ അറിയിച്ചു.
ശബ്ദ സന്ദേശങ്ങളുടെ വ്യൂ വൺസ് ഫീച്ചർ വരും ദിവസങ്ങളിൽ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നും മെറ്റ അറിയിച്ചു. നേരത്തെ ചാറ്റ് വിൻഡോയ്ക്ക് കീഴിൽ പ്രൊഫൈൽ വിവരങ്ങൾ കാണിക്കുന്ന അപ്‌ഡേഷൻ കമ്പനി അവതരിപ്പിച്ചിരുന്നു.
ആൻഡ്രോയിഡിലുള്ള വാട്‌സ്ആപ്പ് ബീറ്റയിൽ ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതിൽ ചാറ്റ് വിൻഡോയിലെ കോൺടാക്റ്റ് നെയിമിനു താഴെയായി സ്റ്റാറ്റസും ലാസ്റ്റ് സീനും കാണിക്കും.
ഉപയോക്താക്കൾ ഓഫ് ലൈനിലാണെങ്കിൽ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവർ ഓൺലൈൻ ആണെങ്കിൽ ലാസ്റ്റ് സീനും സ്റ്റാറ്റസും മാറി മാറി കാണിക്കുകയും ചെയ്യും.
ചാറ്റ് വിൻഡോയിൽ നിന്ന് ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗം ചെക്ക് ചെയ്യാൻ ഇത് സഹായിക്കും. പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമാകും. ഐഒഎസിൽ ഫീച്ചർ എപ്പോഴെത്തുമെന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷോർട്ട്കട്ട് ബട്ടൺ പോലുള്ള നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്‌സ് ചാറ്റുകൾ, ഇമെയിൽ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.
#WhatsApp #ensures #privacy #View #Ones #feature #voice #messages
