പേരാമ്പ്ര : (www.truevisionnews.com) ജില്ലാ സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി മേമുണ്ട ഹയർസെക്കന്ററി സ്ക്കൂളിലെ സാരംഗ് രാജീവൻ.
പങ്കെടുത്ത ഏഴിനങ്ങളിൽ മൂന്നിനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും നാലിനങ്ങളിൽ എ ഗ്രേഡും സ്വന്തമാക്കിയാണ് സാരംഗ് കലോത്സവ നഗരിയിൽ കലാപ്രേമികളുടെ ഇഷ്ടതാരമായി മാറിയത്.
സംസ്കൃതം സംഘഗാനം, സംസ്കൃതം പദ്യം ചൊല്ലൽ, സംസ്കൃതം സംഘഗാനം എന്നിവയിൽ എ ഗ്രേഡും അഷ്‌പതി, വന്ദേമാതാരം, സംസ്കൃതം ഗാനാലാപനം, ലളിതഗാനം എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡുമാണ് ഈ കൊച്ചു മിടുക്കൻ നേടിയത്.
മാപ്പിളപ്പാട്ടിലൂടെ നവമാധ്യമങ്ങളിൽ തരംഗം തീർത്ത സാരംഗ് മത്സരവേദിയിലെത്തിയപ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് വരവേറ്റത്. സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന സാരംഗ് രണ്ടാംക്ലാസ് മുതൽ സംഗീത രംഗത്തുണ്ട്.
ഗായകനായ അച്ഛൻ രാജീവനാണ് സാരംഗിന്റെ ആദ്യ ഗുരു. ഇപ്പോൾ ആയഞ്ചേരിയിലുള്ള നൃത്താജ്ഞലി എന്ന സ്കൂളിൽ വിനോദ് മാസ്റ്ററുടെ കീഴിലാണ് സംഗീതം പഠിക്കുന്നത്. കൊവിഡ് കാലത്ത് സാരംഗും അച്ഛനും ചേർന്ന് പാടിയ അതിജീവന ഗാനവും നവമാധ്യമങ്ങളിൽ സൂപ്പർഹിറ്റായിരുന്നു.
ജയരാജ് സംവിധാനം ചെയ്‌ത പ്രമദവനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ കൊച്ചുമിടുക്കൻ.
അച്ഛൻ തന്നെ എഴുതിയ പാഴ്സുമുളം തണ്ടിലൂടെ എന്ന ഗാനം ആലപിച്ചാണ് സാരംഗിന്റെ സിനിമാഅരങ്ങേറ്റം. ചിത്രം റിലീസിനൊരുങ്ങി നിൽക്കുകയാണ്.
പഠനത്തോടൊപ്പം തന്നെ മകൻ സംഗീതരംഗത്ത് ഉയരങ്ങളിൽ എത്തണമെന്നാണ് സാരംഗിന്റെ മാതാപിതാക്കളുടെ ആഗ്രഹം. അതിനായി എല്ലാവിധ പ്രോത്സാഹനവുമായി ഷെറീനയും രാജീവനും മകന്റെ കൂടെ തന്നെയുണ്ട്.
#KozhikodeRevenueDistrictKalolsavam2023 #SarangRajeevan #MemundaHSS #became #shiningstar #districtkalotsavam