കട്ടപ്പന: (truevisionnews.com) വാഴവരയില്‍ സ്വകാര്യഫാമിലെ നീന്തല്‍ക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

മരണം പൊള്ളലേറ്റാണെന്ന് പ്രാഥമിക നിഗമനമുണ്ട്. വാഴവര മോര്‍പ്പാളയില്‍ ജോയ്‌സ് എബ്രഹാമി (50)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച സ്വകാര്യഫാമിലെ നീന്തല്‍ക്കുളത്തില്‍ കണ്ടെത്തിയത്.
ശ്വാസകോശത്തില്‍ പുകയും കരിയും ഉണ്ടായിരുന്നു. ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് പരിശോധിച്ചാല്‍ മാത്രമേ കൊലപാതകമാണോയെന്ന് അറിയാനാകൂ.
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ നീക്കം.
സംഭവത്തില്‍ ഒട്ടേറെയാളുകളെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിലാണ് അന്വേഷണം.
#postmortem #completed #incident #burnt #body #woman #found #swimmingpool #private #farm #Vazhavara.
