കൊൽക്കത്ത : (www.truevisionnews.com) ദേശീയ ഗാനത്തെ അപമാനിച്ചതിന് ബി.ജെ.പി എം.എൽ.എമാർക്കെതിരെ കൊൽക്കത്ത പൊലീസ് രണ്ടാമത്തെ കേസ് ഫയൽചെയ്തു.
സംസ്ഥാന നിയമസഭയിലെ പ്രതിഷേധത്തിനിടയിൽ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. ഡിസംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ച് ബി.ജെ.പി എം.എൽ.എമാർക്ക് കൊൽക്കത്ത പൊലീസിന്റെ ഡിറ്റക്ടീവ് വിഭാഗം നോട്ടീസ് അയച്ചു.
നിയമസഭാ വളപ്പിൽ നടന്ന പ്രതിഷേധത്തിൽ തൃണമൂൽ എം.എൽ.എമാർ ദേശീയഗാനം ആലപിക്കുന്നതിനിടെ നിയമസഭാംഗങ്ങൾ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് 11 ബി.ജെ.പി എം.എൽ.എമാരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആവശ്യമായ ദൃശ്യങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നവംബർ 29ന് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഫണ്ട് തടഞ്ഞുവെച്ചതിന് നടത്തിയ പ്രതിഷേധത്തിനിടെ ബി.ജെപി എം.എൽ.എമാർ ബഹളമുണ്ടാക്കുകയായിരുന്നു.
പ്രതിഷേധം അവസാനിച്ചപ്പോൾ ദേശീയ ഗാനത്തിന് എഴുന്നേൽക്കാൻ മമത ബാനർജി ആവശ്യപ്പെട്ടിട്ടും ബി.ജെപി എം.എൽ.എമാർ ബഹളമുണ്ടാക്കൽ തുടരുകയായിരുന്നു.
ബംഗാളിലെ ബി.ജെ.പി എംഎൽഎമാർ തുടർച്ചയായി രണ്ട് ദിവസങ്ങളിലും ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചതായി ടി.എം.സി മന്ത്രി തപസ് റോയ് പറഞ്ഞു.
അതേസമയം നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്താനുള്ള ടി.എം.സിയുടെ ശ്രമമാണിതെന്നും സംസ്ഥാന സർക്കാറിന്‍റെ അഴിമതിയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുകയാണ് ആരോപണത്തിന്‍റെ ലക്ഷ്യമെന്നും ബി.ജെ.പി അവകാശപ്പെടുന്നു.
#POLICE #insulting #nationalanthem #Police #registered #secondcase #against #BJP #MLAs