(truevisionnews.com) ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഒന്നിലധികം സുരക്ഷപ്രശ്‌നങ്ങൾ കണ്ടെത്തിയെന്നാണ് മുന്നറിയിപ്പ്.

ആൻഡ്രോയ്ഡ് 11, 12,12L, 13, ഏറ്റവും പുതിയ 14 പതിപ്പിനെ അടക്കം പുതിയ സുരക്ഷ വീഴ്ചകൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിഇആർടി-ഇൻ പുറത്തുവിട്ട റിപ്പോർട്ടിൽ അഞ്ചോളം ആൻഡ്രോയ്ഡ് ഒ.എസ് പതിപ്പുകൾ ഉണ്ട്.
അതിനാൽ നിരവധി ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകളെ സുരക്ഷാ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് സുരക്ഷാ വീഴ്ചകൾ ഉപയോഗപ്പെടുത്തി സൈബർ കുറ്റവാളികൾക്ക് ഉപയോക്താവിന്റെ സ്മാർട്ട്‌ഫോൺ നിയന്ത്രണം ഏറ്റെടുക്കാനാകും.
ഇതിനു പിന്നാലെ സ്മാർട്ട്‌ഫോണുകളിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും പോലും തട്ടിയെടുക്കാനാകുമെന്നും സിഇആർടി-ഇൻ റിപ്പോർട്ടിൽ പറയുന്നു. ഫ്രെയിം വർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകൾ, കേർണൽ എൽടിഎസ്, മീഡിയടെക് ഘടകങ്ങൾ, ക്വാൽകോം ഘടകങ്ങൾ, ക്വാൽകോം ക്ലോസ്ഡ് സോഴ്സ് ഘടകങ്ങൾ എന്നിവയിലെ പിഴവുകൾ കാരണമാണ് ഈ പ്രശ്‌നങ്ങൾ ആൻഡ്രോയിഡിൽ നിലനിൽക്കുന്നത്.
ഇതിന്റെ അപകടസാധ്യത ഉയർന്നതാണെന്ന് ഗൂഗിളും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഗൂഗിൾ പുറത്തിറക്കിയ ആൻഡ്രോയിഡ് സെക്യൂരിറ്റി ബുള്ളറ്റിനിലാണ് ഇതെക്കുറിച്ച് പരാമർശിക്കുന്നത്.
കൂടാതെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുമായി സുരക്ഷാ അപ്ഡേറ്റുകളും പുറത്തിറക്കുന്നുണ്ട്. സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുളള ഏക മാർഗം സോഫ്റ്റ് വെയർ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുകയെന്നതാണെന്നും വിദഗ്ദർ വ്യക്തമാക്കി.
#Many #security #issues #Androidphones #Indian #Computer #Emergency #Response #Team #warning
