Sep 29, 2023 04:58 PM

തിരുവനന്തപുരം : (www.truevisionnews.com) സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പകര്‍ച്ച പനികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴ കുട്ടനാട് അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

#HEAVYRAIN #rain #Infectious #fevers #spreading, #healthminister #warned

Next TV

Top Stories










Entertainment News