ലഖ്നോ : (www.truevisionnews.com) വിദ്യാർത്ഥിനി ഉറങ്ങിയത് അറിയാതെ ക്ലാസ് മുറു പൂട്ടി വീട്ടിൽ പോയ അധ്യാപികക്ക് സസ്പെൻഷൻ.

ഉത്തർപ്രദേശിലെ സർക്കാർ എൽ.പി സ്കൂളിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർഥിനി ക്ലാസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മുറിപ്പൂട്ടി വീട്ടിലേക്ക് പോയ പ്രമീള അവസ്തി എന്ന അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഗണേശ വിഗ്രഹ നിമജ്ജനത്തിനായി നടന്ന ഘോഷയാത്രയിലെ ശബ്ദം കേട്ടാണ് കുട്ടി ഉണർന്നത്. ജനലിനരികിലേക്ക് എത്തി നിലവിളിച്ച കുട്ടിയെ വഴിയാത്രക്കാരൻ കാണുകയും അധ്യാപകരെ വിവരമറിയിക്കുകയും ചെയ്തതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ മനീഷ് കുമാർ പറഞ്ഞു.
തന്റെ ചുമതലകൾ നിറവേറ്റാതെ സ്‌കൂളിലെ കുട്ടികളുടെ സുരക്ഷയിൽ അശ്രദ്ധ കാട്ടിയതിനും സ്‌കൂൾ വിടുന്നതിന് മുമ്പ് വിദ്യാർഥികളുടെ എണ്ണമെടുക്കാത്തതിനും അധ്യാപിക പ്രമീളയെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ അരുൺ കുമാർ പറഞ്ഞു. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടതായി അദ്ദേഹം അറിയിച്ചു.
സസ്‌പെൻഷൻ കാലയളവിൽ അധ്യാപിക ലഖ്‌നോവിലെ മോഹൻലാൽഗഞ്ചിലെ ഡിവിഷണൽ എജുക്കേഷൻ ഓഫിസറുടെ ഓഫിസിൽ തുടരുമെന്നും കുറ്റപത്രം പ്രത്യേകം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപികയുടെ അനാസ്ഥ മുഴുവൻ അധ്യാപകരുടെയും വിശ്വാസ്യത ഇല്ലാതെയാക്കുന്ന തരത്തിലുള്ളതാണ്. സംഭവം വിദ്യാഭ്യാസ വകുപ്പിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Suspension #Notknowing #student #slept #she #locked #classroom #went #home #Suspension #teacher
