#arrest |ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

#arrest |ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു;  പ്രതി പിടിയിൽ
Sep 25, 2023 08:50 AM | By Susmitha Surendran

പത്തനംതിട്ട:  (truevisionnews.com) ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് പന്തളം പൊലീസിന്റെ വലയിലായത്. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഉള്‍വനത്തില്‍ ഒളിവില്‍ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും ഇയാള്‍ പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു.

എതിര്‍ത്തപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി കുളത്തൂപ്പുഴ വനമേഖലയിലെ ഉള്‍ക്കാട്ടിലേക്ക് ഒളിവില്‍ പോയി. പ്രതി കാട്ടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാലിചതുപ്പ് ഭാഗം കേന്ദ്രീകരിച്ച് പൊലീസ് സംഘം തിരച്ചില്‍ നടത്തി.

പൊലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഢവനത്തിനുള്ളില്‍ ഒളിക്കുകയും പിന്നീട് ഉള്‍വനത്തില്‍ നിന്ന് പുറത്തെത്തി വാടകവീട്ടില്‍ അഭയം തേടുകയുമായിരുന്നു.

പൊലീസിനെ കണ്ട പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ആനയും വന്യമൃഗങ്ങളും വ്യാപകമായി കാണപ്പെടുന്ന വന മേഖലയില്‍ ഒരു രാത്രിയും പകലും നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ വലയിലായതെന്ന് പൊലീസ് പറഞ്ഞു.

സനലിനെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#young #man #kidnapped #tortured #17yearold #girl #he #met #Facebook #arrested.

Next TV

Related Stories
Top Stories