കൊച്ചി : (www.truevisionnews.com) ഐ എസ് എൽ പത്താം സീസണ് ഇന്ന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് ചിരവൈരികളായ ബെംഗളൂരു എഫ്സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക.

പത്താം പതിപ്പിന്റെ പകിട്ടുമായെത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്, തുടങ്ങിവയ്ക്കാൻ ഇതിനേക്കാൾ മികച്ചൊരു മത്സരം കിട്ടാനില്ല. മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ നേടാൻ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ടീമിൽ അഴിച്ചുപണികൾ ആവോളം നടത്തിയിട്ടുണ്ട് കോച്ച് ഇവാൻ വുകോമനോവിച്ച്, കഴിഞ്ഞ തവണ പരിക്കേറ്റവർക്ക് പകരക്കാരില്ലാതെ വീണുപോയ ക്ഷിണം ഇത്തവണയുണ്ടാവില്ല. പ്രതിരോധത്തിൽ മാർക്കോ ലെസ്കോവിച്ചിന് കൂട്ടായി മിലോസ് ഡിൻസിച്ചെത്തി.
മോഹൻബഗാനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ പ്രീതം കോട്ടാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് കോട്ട കാക്കാനുണ്ട്. മധ്യനിരയുടെ ചുക്കാൻ പിടിക്കുന്നതിനൊപ്പം ക്വാപ്റ്റന്റെ ഉത്തരവാദിത്വം കൂടി അഡ്രിയാൻ ലൂണക്കുണ്ട്. കൂട്ടിന് ജീക്സൺ സിംഗ്, ഡാനിഷ് ഫാറൂഖ് എന്നിവർ കൂടി ചേരുമ്പോൾ മധ്യനിരയിലെ നിങ്ങൾ എളുപ്പമാകും.
ഗോളടിയുടെ ഉത്തരവാദിത്വം ദിമിത്രിയോസ് ഡയമന്റക്കോസിലാണ്. കൂട്ടിന് ഘാന താരം ക്വാമി പെപ്രയും, ജപ്പാൻതാരം ദെയ്സുകി സകായുമുണ്ട്. മലയാളിയായ നിഹാൽ സുധീഷും, ബിദ്യാസിംഗ് സാഗറും കൂടി ചേരുമ്പോൾ അക്രമണത്തിന് ഒട്ടും കുറവുണ്ടാകില്ല.
സസ്പെൻഷൻ മൂലം തന്ത്രങ്ങളോതാൻ ഇവാൻ വുകോമനോവിച്ചിന് ഡഗ് ഔട്ടിലെത്താനാവില്ല. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് കളിക്കുന്ന കെ.പി.രാഹുലിന്റെ സേവനവും ബ്ലാസ്റ്റേഴ്സിന് ഇന്നുണ്ടാകില്ല.
അതേസമയം, പതിവുപോലെ സന്തുലിതമായ ടീമുമായാണ് മുൻ ചാമ്പ്യന്മാരായ ബെംഗളുരുവിന്റെ വരവ് സുനിൽ ഛേത്രി ഗുർപ്രീത് സിംഗ് സന്ധു എന്നിവരില്ലെങ്കിലും ശിവശക്തി നാരായണൻ, ജാവി ഹെർണാണ്ടസ്, കർട്ടിസ് മെയിൻ തുടങ്ങി വമ്പൻ സംഘം തന്നെയാണ് ബെംഗളൂരു.
നേർക്കുനേർ പോരാട്ടങ്ങളിലെ ആധിപത്യവും ബെംഗളൂരുവിന് കരുത്താണ് ഇതുവരെ ഏറ്റുമുട്ടിയ പതിമൂന്ന് കളികളിൽ എട്ടും ജയിച്ചത് ബെംഗളൂരുവാണ്.
#ISL2023 #ISL #10th #season #kicksoff #today #Kochi #KeralaBlasters #face #BengaluruFC #openingmatch
