Aug 29, 2023 09:12 PM

(www.truevisionnews.com) ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ഇതുവരെ ആരും എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ചന്ദ്രയാന്‍-3 സ്ഥിരീകരിച്ചു.

അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി. പ്രഗ്യാന്‍ റോവറിലെ LIBS ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പക‍ർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്.

ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്.

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്.

ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്.

ചന്ദ്രയാന്‍ മൂന്നിന്‍റെ ലാൻഡറിലെ നാല് പേ ലോഡകളിൽ ഒന്നാണ് ചാസ്തേ ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങൾ പഠിക്കാനുള്ള ഉപകരണമാണ് ഇത്.

പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതൽ അവിടുന്ന് 80 മില്ലിമീറ്റർ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യഘട്ടത്തിൽ ഉപകരണം അളന്നത്.

സൂര്യന്‍റെ പ്രകാശമുള്ളപ്പോൾ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അന്‍പത് ഡിഗ്രി സെൽഷ്യസാണെങ്കിലും, 80 മില്ലീമീറ്റർ താഴെ ഇത് മൈനസ് പത്ത് ഡിഗ്രീ സെൽഷ്യസാണ്.

ചന്ദ്രന്‍റെ മണ്ണിന് ഉയർന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തം . ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം മെല്ലെ താഴ്ത്തിയാണ് താപനില അളന്നത്.

#Chandrayaan3 Chandrayaan-3 detected the presence of critical elements in the South Pole

Next TV

Top Stories