Aug 23, 2023 06:11 PM

(www.truevisionnews.com) ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.

ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു.

അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‍വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ റോവർ, പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം.

ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടക്കമായത്. പേടകത്തിനടിയിലെ നാല് 800 N ലിക്വിഡ് പ്രൊപ്പൽഷൻ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് വേഗത കുറച്ചു.

സെക്കൻഡിൽ 1.68 കിലോമീറ്റർ എന്ന വേഗത്തിൽ നിന്ന് സെക്കൻഡിൽ 358 മീറ്റർ എന്ന വേഗത്തിലേക്ക് 690 സെക്കൻഡ് കൊണ്ട് പേടകമെത്തി. ഒടുവിൽ കോടിക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്ത്യയുടെ ചന്ദ്രയാൻ 3 ചാന്ദ്രോപരിതലം തൊട്ടു.

#Chandrayaan3 | Historic moment, India touches the moon; India's Chandrayaan 3 touched the lunar surface

Next TV

Top Stories