മാവേലിക്കര : (www.truevisionnews.com) പുന്നമ്മൂട്ടിൽ ആറു വയസ്സുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെ മാതാപിതാക്കളെ കാണണമെന്ന് വാശിപിടിച്ചതിന്റെ ദേഷ്യത്തിലായിരിക്കാമെന്ന് പൊലീസ്.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് (ആറ്) ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തു. നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.
അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പൊലീസ് പറയുന്നു.
ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മഹേഷിന്റെ മാതാവ് സുനന്ദ ഇവരുടെ വീടിനു സമീപം സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.
ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈക്ക് വെട്ടേറ്റു. സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. നക്ഷത്രയുടെ മാതാവ് വിദ്യ മൂന്നുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചശേഷമാണ് നാട്ടിലെത്തിയത്.
പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം ഒരു വനിത കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
The incident where a six-year-old girl was hacked to death by her father; The police said that the insistence to meet the mother's parents was a provocation