Jun 7, 2023 01:25 PM

കോട്ടയം : (www.truevisionnews.com) അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. ഇതോടെ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും.

മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും ചീഫ് വിപ് എൻ. ജയരാജും കോളജിലെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.ആദ്യം വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷമാണ് മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയത്.

വിദ്യാർഥികളുടെ പരാതി പരിഹാര സെൽ പരിഷ്കരിക്കും. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതു പ്രകാരം ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും. താത്‌ക്കാലികമായി ചുമതല മറ്റൊരാൾക്ക് നൽകും. ‌സമരത്തിൽ പങ്കെടുത്തതിന് വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടികൾ ഉണ്ടാകില്ല.

പൊലീസ് നടപടികളിൽ വിദ്യാര്‍ഥികളും മാനേജ്‌മെന്റും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കൂടുതൽ ഉന്നതതല ഉദ്യോഗസ്ഥർ കോളജിലെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

വിദ്യാർഥിനി ജീവനൊടുക്കാനുള്ള കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു.

ഇതിനായി സിൻഡിക്കറ്റംഗം പ്രഫ. ജി.സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ.വിനു തോമസ് എന്നിവർ ഇന്നു കോളജിലെത്തും. സംസ്ഥാന യുവജന കമ്മിഷൻ സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപ്പോർട്ട് തേടി.

ഇന്നലെ കെഎസ്‌യു, എബിവിപി പ്രവർത്തകർ കോളജിനു മുന്നിൽ സമരം നടത്തി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ.നൈസാമിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എബിവിപിയുടെ പ്രതിഷേധ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥി സമരത്തിനു പരിഹാരം കാണാൻ ഗവ. ചീഫ് വിപ് എൻ.ജയരാജ്, ഡിവൈഎസ്പി എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാർഥികൾ തടഞ്ഞു.

പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. അധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം കോളജ് കവാടങ്ങൾ അടച്ച് വിദ്യാർഥികൾ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു. സ്വാശ്രയ കോളജുകളിൽ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നു മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.

കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായഎറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.

ജൂൺ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയിൽ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും പിതാവ് മൊഴി നൽകി.

Minister R. Shraddha's suicide will be investigated by crime branch. point; The students called off the strike

Next TV

Top Stories