ദില്ലി: വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings - എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും.
ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും. എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ ആരെങ്കിലും ലിങ്ക് അയച്ചു തന്നാൽ ആ ചാറ്റ് തുറക്കുമ്പോൾ വാട്ട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വച്ച ഈ ലിങ്ക് ഓപ്പൺ ചെയ്താലും ആപ്പ് ക്രാഷാകും.
റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പൺ ആക്കിയാൽ വാട്ട്സ്ആപ്പിന് വീണ്ടും പണി കിട്ടും.കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്.
സൈബർ കുറ്റവാളികളും ഹാക്കർമാരും പലതരത്തിലാണ് വാട്ട്സാപ്പിനെ ലക്ഷ്യം വെക്കുന്നത്. നിലവിൽ വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂ.
വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഐഒഎസിനെ ഈ പ്രശ്നം ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്ട്സ്ആപ്പ് വേർഷനിൽ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോൾ ആപ്പ് ക്രാഷ് ആകുന്നത് കണ്ടെത്തിയിട്ടുണ്ട്.
ലിങ്ക് ആരെങ്കിലും അയച്ചാൽ വാട്ട്സ്ആപ്പ് വെബിൽ പോയി ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന മെസെജ് ഡീലിറ്റ് ചെയ്താൽ പുതിയ മെസെജ് ബഗിനെ ബാധിക്കില്ല. അതായത് നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് - https://web.whatsapp.com/ വാട്ട്സ്ആപ്പ് വെബ് ഓപ്പൺ ചെയ്യുക.
ഫോണിലെ വാട്ട്സ്ആപ്പ് തുറന്ന് മുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ലിങ്ക് എ ഡിവൈസിൽ ക്ലിക്ക് ചെയ്ത് വെബിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യണം. അതിനു ശേഷം ഓപ്പണാകുന്ന ചാറ്റിൽ പോയി മെസെജ് ഡീലിറ്റ് ചെയ്യണം.
WhatsApp users beware; There is a new problem.