അഹമ്മദാബാദ് : (www.truevisionnews.com) ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം മഴയെ തുടര്‍ന്ന് വൈകികൊണ്ടിരിക്കുകയാണ്. 7.30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട മത്സത്തിന് ഇപ്പോഴും ടോസിടാന്‍ പോലുമായിട്ടില്ല. ഇന്ന് നടന്നില്ലെങ്കില്‍ റിസര്‍വ് ദിവസമായ നാളെ മത്സരം നടക്കും.

9.35 ശേഷം മത്സരം തുടങ്ങാണെങ്കില്‍ മാത്രമെ ഓവര്‍ വെട്ടിചുരുക്കൂ. കട്ട് ഓഫ് ടൈമായ രാത്രി 12.26നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും.
ഇതിനിടെ കടുത്ത രോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. സ്റ്റേഡിയത്തിലെ കൂറ്റന്‍ ഗ്രാഫിക് സ്‌ക്രീനില്‍ ''റണ്ണേഴസ് അപ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്'' എന്നെഴുതി കാണിച്ചതാണ് ചെന്നൈ ആരാധകരെ ചൊടിപ്പിച്ചത്. സ്‌ക്രീന്‍ പരിശോധിക്കുന്നതിന്റൈ ഭാഗമായിട്ടാണ് ഇത്തരത്തില്‍ കാണിച്ചത്.
ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളാക്കിയെന്ന് പലരും ട്വീറ്റ് ചെയ്തു. ആരാധകരുടെ ചില പ്രതികരണങ്ങള്‍ വായിക്കാം... ചെന്നൈ സൂപ്പര്‍ കിംഗ്സും-ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോര് 20 ഓവര്‍ വീതമുള്ള മത്സരമായി നടക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിശിഷ്ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേരാണ് ഫൈനല്‍ വീക്ഷിക്കാനെത്തുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിന് പരിസരത്ത് എത്തിയിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് ഹോം ടീമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകരാണ് ഫൈനല്‍ കാണാന്‍ കൂടുതലായും എത്തിയിരിക്കുന്നത്. സിഎസ്‌കെയുടേയും എം എസ് ധോണിയുടേയും ചാന്റുകള്‍ മുഴക്കിയാണ് ആരാധകരില്‍ അധികവും സ്റ്റേഡിയത്തിലെത്തിയത്.
കലാശപ്പോരില്‍ മുഖാമുഖം വരുന്ന ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍മാരും സിഎസ്‌കെ നാല് തവണ കിരീടം നേടിയവരുമാണ്. സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഫൈനലിന്റെ പ്രധാന ആകര്‍ഷണം.
Runners up Chennai Super Kings flashed on the screen at the stadium; Images are discussed