ബെയ്ജിങ് : ചൈനയില്‍ വീണ്ടും ശക്തമായ കൊവിഡ് തരംഗം. 'വാഷിംഗ്ടണ്‍ പോസ്റ്റ്' ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
തങ്ങള്‍ കൊവിഡ് മുക്തരായി എന്ന് ചൈന പ്രഖ്യാപിച്ചതിന് ശേഷം വരുന്ന ശക്തമായ തരംഗമാണിതെന്നും ജൂണില്‍ കൂടുതല്‍ ശക്തമായേക്കാവുന്ന തരംഗത്തില്‍ ലക്ഷക്കണക്കിന് കേസുകള്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഴ്ചയിൽ 65 ദശലക്ഷം ആളുകളെ ബാധിക്കാൻ ശേഷിയുള്ള എക്സ്.ബി.ബി ജൂണിൽ അതിതീവ്രമാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.
XBB ഒമിക്രോൺ വകഭേദങ്ങളാണത്രേ നിലവില്‍ ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നത്. ഇതിനെതിരെ പ്രയോഗിക്കാവുന്ന വാക്സിനുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് ചൈനയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
'XBB ഒമിക്രോൺ ഉപവകഭേദങ്ങള്‍ക്കായുള്ള രണ്ട് പുതിയ വാക്സിനുകള്‍ പ്രാഥമികമായ അനുമതിക്കായി കാത്തിരിക്കുകയാണ്. മൂന്നോ നാലോ മറ്റ് വാക്സിനുകളും ഉടനെത്തുമെന്ന് പറയപ്പെടുന്നു. എന്നാലിതിന്‍റെയൊന്നും വിവരം കൃത്യമായി ലഭ്യമല്ല...'- ചൈനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ( പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍) സോങ് നാൻഷൻ പറയുന്നു.
നിലവില്‍ ചൈനയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ഇവിടെ നിന്നുള്ള പല വിദഗ്ധരും സൂചിപ്പിക്കുന്നത്. രോഗതീവ്രത കുറവായിരിക്കുമെന്നതിനാല്‍ മരണനിരക്ക് ഉയരുമോ എന്ന ഭയം ഇല്ല.
അതോടൊപ്പം തന്നെ വാക്സിനുകളും വലിയ ആശ്വാസമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. യുഎസിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ യുഎസിലും പുതിയ തരംഗത്തിന് കാരണമാകുമോയെന്ന് ആശങ്കയുണ്ട്.
New Covid wave in China; 65 million people will be sick every week