കറാച്ചി: പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു. ഡോ ബിർബൽ ഗെനാനിയാണ് ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയിൽ വെച്ച് കൊല്ലപ്പെടുന്നത്. ഇന്നലെയാണ് സംഭവം. മുൻ കറാച്ചി മെട്രോപൊളിറ്റൻ കോർപ്പറേഷൻ ഹെൽത്ത് സീനിയർ ഡയറക്ടറും നേത്രരോഗ വിദഗ്ധനുമാണ് കൊല്ലപ്പെട്ട ബിർബൽ ഗെനാനിയെന്ന് പാക്കിസ്താനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് സംശയം ഉയരുന്നുണ്ട്. ഡോ ബീർബൽ ഗെനാനിയും അസിസ്റ്റന്റ് ലേഡി ഡോക്ടറും രാംസ്വാമിയിൽ നിന്ന് ഗുൽഷൻ-ഇ-ഇക്ബാലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അജ്ഞാതർ കാർ ലക്ഷ്യമാക്കി വെടിവെച്ചത്. ബിർബൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അസിസ്റ്റന്റ് ലേഡി ഡോക്ടർ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. ഡോക്ടർ ഗെനാനിയുടെ കാർ നിയന്ത്രണം വിടുകയും മതിലിൽ ഇടിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിൽ ഒരു ബുള്ളറ്റ് അടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Minority doctor shot dead in Pakistan
