കൊല്ലം: ( www.truevisionnews.com) തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ നാളെ രാവിലെ 8.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് ബന്ധുക്കള്‍. 10 മണി മുതല്‍ 12 മണി വരെ മ്യതദേഹം തേവലക്കര സ്‌കൂളില്‍ പൊതു ദര്‍ശനമുണ്ടാകും. തുടര്‍ന്ന് വീട്ടില്‍ എത്തിക്കും. ശേഷം 5 മണിക്ക് വിളന്തറ വീട്ട് വളപ്പില്‍ സംസ്‌ക്കാരം നടക്കും. എന്നെ ഏല്‍പ്പിച്ചിട്ട് പോയ മോനെ മകള്‍ വരുമ്പൊ എങ്ങനെ തിരികെ ഏല്‍പ്പിക്കുമെന്ന് മിഥുന്റെ മുത്തശ്ശി രമണി വിലപിച്ചുകൊണ്ട് ചോദിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടമുണ്ടായത്. കൂട്ടുകാരുമൊത്ത് ക്ലാസിനുള്ളില്‍ ചെരുപ്പ് എറിഞ്ഞ് കളിക്കുന്നതിനിടെ ഷെഡിന് മുകളിലേക്ക് മിഥുന്റെ ചെരുപ്പ് വീണു. ഇതെടുക്കാന്‍ ക്ലാസില്‍ നിന്നും വലിച്ചിട്ട ഡസ്‌കിലൂടെ തടികൊണ്ടുള്ള സ്‌ക്രീന്‍ മറികടന്ന് ഭിത്തി വഴി തകരഷെഡിന് മുകളിലേക്ക് മിഥുന്‍ കയറി.
.gif)

മഴ നനഞ്ഞ് കുതിര്‍ന്ന് കിടന്ന ഷീറ്റില്‍നിന്ന് ചെരുപ്പ് എടുക്കവെ മിഥുന്‍ തെന്നി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി ലൈനില്‍ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്‌കൂള്‍ അധികൃതര്‍ മിഥുനെ കണ്ടത്.
അതേസമയം പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മാനേജ്‌മെന്റിനോടു നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നു ദിവസത്തിനകം സ്കൂൾ മറുപടി നൽകണം. സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്‌കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്‍കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മുഖേന വീടു നിര്‍മിച്ചു നല്‍കും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി ഉത്തരവിറക്കും. മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നല്‍കും. മുഖ്യമന്ത്രി എത്തിയ ശേഷം തുടര്‍സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തും. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. ഇക്കര്യത്തില്‍ തദ്ദേശവകുപ്പിന്റെ നിലപാട് അറിയാന്‍ തദ്ദേശവകുപ്പ് മന്ത്രിയുമായി ബന്ധപ്പെടും. സ്‌കൂള്‍ നടത്തിപ്പിന്റെ മേല്‍നോട്ടം തദ്ദേശവകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.
funeral of Mithun, who died of shock in Kollam, will be held tomorrow evening.
