മുംബൈ: ഡേറ്റിങ് ആപ്പിലൂടെ തട്ടിപ്പ് നടത്തിയ 21 പേരടങ്ങുന്ന സംഘം പിടിയിൽ. ഡേറ്റിങ് ആപ്പിലൂടെ പരിചയത്തിലാകുന്നവരെ ഹോട്ടലുകളിൽ കൊണ്ടുപോയി ഉയർന്ന അതുകയുടെ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന സംഘമാണ് പോലീസിന്റെ വലയിലായത്. സംഘത്തിന്റെ വലയിൽ വീഴുന്നവരെ കറങ്ങാൻ കൊണ്ടുപോകുകയും ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ചശേഷം ഉയർന്ന തുകയുടെ വ്യാജ ബില്ലുകൾ നൽകി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു ഇവർ.
15 പുരുഷന്മാരും ആറ് സ്ത്രീകളുമടങ്ങുന്ന 21 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെയാണ് ഇവർ വ്യാജബില്ലുകൾ ഉണ്ടാക്കിയിരുന്നത്. അന്ധേരിയിൽ ഒരു ലോൺ റിക്കവറി സ്ഥാപനത്തിൽ ജോലിചെയ്യുന്ന 26- കാരനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
.gif)

ഒരു ഡേറ്റിങ് ആപ്പ് വഴി ദിശാശർമ എന്ന സ്ത്രീയുമായി പരിചയയത്തിലായ ഇയാൾ ഇവരോടൊപ്പം കറങ്ങാൻ പോകുകയും ബോറിവ്‌ലിയിലെ ഒരു ഹോട്ടലിൽ കയറുകയും ചെയ്തിരുന്നു. ഭക്ഷണത്തിനുശേഷം, അവർ ഓർഡർ ചെയ്ത ഭക്ഷണത്തിനും ഹുക്കയ്ക്കും കൂടി 35,000 രൂപയുടെ ബില്ലാണ് വെയിറ്റർ നൽകിയത്.
ഇത്രയും ഉയർന്നതുക കണ്ടപ്പോൾ യുവാവിന് സംശയമായി. തുടർന്ന് ബിൽതുക 30,000 ആയി കുറച്ചു. തുടർന്ന് ദിശാശർമ ഇടപെട്ട് പകുതിത്തുക താൻ നൽകാമെന്ന് പറയുകയും 15000 രൂപ യുവാവിനെക്കൊണ്ട് കൊടുപ്പിക്കുകയുംചെയ്തു. വെയിറ്റർ നൽകിയ ക്യുആർ കോഡ് സ്കാൻ ചെയ്താണ് യുവാവ് 15,000 നൽകിയത്. എന്നാൽ പണം ഹോട്ടലിലേക്കല്ല, മുഹമ്മദ് താലിബ് എന്ന വ്യക്തിക്കാണ് പോയിട്ടുള്ളതെന്ന് ഇയാൾക്ക് മനസ്സിലായി.
സംശയംതോന്നിയ ഇയാൾ പോലീസിനെ സമീപിച്ചു. അന്വേഷണത്തിൽ, ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ദിശാ ശർമ പരാതിക്കാരനെ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തി. ശർമയുടെ മൊബൈൽ നമ്പർ പിന്തുടരുകയും നവിമുംബൈയിലെ ദിഘ പ്രദേശത്തെ ഒരു ഹോട്ടലിൽ പോലീസ് ഇവരെ കണ്ടെത്തുകയും ചെയ്തു.
Fraud through dating apps gang of 21 people including women arrested
