എറണാകുളം : ( www.truevisionnews.com) ഒരിടവേളയ്ക്കു ശേഷം തീരക്കടലിൽ നത്തോലി ചാകരയെത്തി. മൺസൂൺ സമയത്തു വൻ തോതിൽ ലഭിക്കുന്ന മത്സ്യമാണിതെങ്കിലും കുറച്ചു കാലമായി ലഭ്യത തീരെ കുറവായിരുന്നു.
എന്നാൽ, ഇക്കുറി എത്തിയ നത്തോലി ചാകര മത്സ്യമേഖലയ്ക്ക് ഉണർവുണ്ടാക്കിയിട്ടുണ്ട്. ഈ ആഴ്ച കൊച്ചി- ആലപ്പുഴ മേഖലയിൽ നിന്ന് കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ നത്തോലി കിട്ടി. ടൺ കണക്കിന് നത്തോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഹാർബറുകളിൽ എത്തിയത്.
.gif)

ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ മാത്രം 200 ലേറെ വള്ളങ്ങൾക്ക് നത്തോലി ലഭിച്ചതായി തൊഴിലാളികൾ പറയുന്നു. കൊച്ചി മേഖലയിൽ ലഭിച്ച ഭൂരിഭാഗം നത്തോലിയും മത്സ്യത്തീറ്റ നിർമാണ ഫാക്ടറിയിലേക്കാണു പോയത്. ചെറിയൊരു ഭാഗം മാത്രമാണ് പൊതു മാർക്കറ്റുകളിലേക്ക് എത്തിയത്.
എന്താണ് നത്തോലി
നത്തോലി, അഥവാ മത്തിക്കൊരട്ടി (Anchovy), കേരളത്തിലെ തീരദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെറിയ കടൽ മത്സ്യമാണ്. ഇതിന് കൊഴുവ എന്നും പറയാറുണ്ട്. ഇവ സാധാരണയായി കൂട്ടമായി സഞ്ചരിക്കുന്ന മത്സ്യങ്ങളാണ്. നത്തോലിക്ക് സാധാരണയായി 2 സെന്റീമീറ്റർ മുതൽ 40 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാകാം.ഇവയ്ക്ക് നേർത്തതും നീളമുള്ളതുമായ ശരീരമാണുള്ളത്, കൂടാതെ ഇവയുടെ വായിൽ ചെറിയ പല്ലുകളുമുണ്ട്.
പ്ലാങ്ക്ടൺ, ചെറിയ ക്രസ്റ്റേഷ്യനുകൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും കാണുന്ന ഇനങ്ങളുണ്ട്. ലോകത്തിലെ പല ഭാഗങ്ങളിലെയും ഉഷ്ണമേഖലാ, മിതോഷ്ണ മേഖലകളിലെ കടൽത്തീരങ്ങളിലും അഴിമുഖങ്ങളിലും ഇവയെ കാണാൻ കഴിയും. നത്തോലിക്ക് നല്ല പോഷകഗുണങ്ങളുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമാണ് ഈ മത്സ്യം. ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.
Natholi Chakara on the Kochi-Alappuzha coast
