പാലക്കാട്: ( www.truevisionnews.com) പാലക്കാട് പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാർത്ഥിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എർത്ത് ഡാം ഉന്നതിയിൽ മുരുകപ്പൻ്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്. പറമ്പിക്കുളം ടൈഗർ ഹാളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത് മൂന്ന് കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് മടങ്ങിയ അശ്വിനെ കാണാനില്ലെന്ന് അച്ഛൻ മുരുകൻ പറമ്പിക്കുളം പോലീസിൽ പരാതി നൽകിയിരുന്നു.
നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും പൊലീസുകാരും നടത്തിയ തിരച്ചിലിനിടെ തേക്ക് പ്ലാൻ്റേഷൻ ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം നാളെ കാലത്ത് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. അട്ടപ്പാടി ഐ ടി ഐയിൽ മെക്കാനിക്കൽ സെക്ഷനിൽ വിദ്യർത്ഥിയായിരുന്നു മരിച്ച അശ്വിൻ.
.gif)

അതേസമയം ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും തമ്മിൽ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ടു വർഷങ്ങൾക്കു മുമ്പാണ്.
കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12 : 15 വരെ ബന്ധുക്കൾ സ്നേഹയെ വാട്സപ്പിൽ ഓൺലൈനിൽ കണ്ടിട്ടുണ്ട്. രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്നേഹയും ഭർത്താവും സുർജിത്തും ഒരേ മുറിയിലാണ് കിടന്നിരുന്നത്. ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമിൽ കയറി ഷോൾ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയത്. അതേസമയം സ്നേഹ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും സുർജിത് ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി. പൊലീസ് എത്തും മുമ്പേ ഷോൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്.
സഹായം ആവശ്യമുള്ളവർക്ക്:
ആത്മഹത്യാ ചിന്തകളുള്ളവർക്ക് സഹായം തേടാൻ നിരവധി വഴികളുണ്ട്. മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിക്കുക, കൗൺസിലിംഗ് നേടുക, അല്ലെങ്കിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിവ പ്രധാനമാണ്. ഇന്ത്യയിൽ ആത്മഹത്യ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ചില ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകുന്നു:
ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 (ടോൾ ഫ്രീ)
മൈത്രി: 0484 2540530
സഞ്ജീവനി: 011-24311918
വിശ്വാസ്: 09020088019
നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലുള്ള ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ നമ്പറുകളിൽ ബന്ധപ്പെടാൻ മടിക്കരുത്. ഓർക്കുക, നിങ്ങളോടൊപ്പമുള്ളവരുണ്ട്, സഹായം ലഭ്യമാണ്.
Missing ITI student from Parambikulam found hanging at forest
