കാലടി: ( www.truevisionnews.com ) പരിശോധനയില്‍ ഗുരുതരാവസ്ഥയില്‍ കണ്ട രോഗിയെ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വൈകുമെന്നറിഞ്ഞ് സ്വന്തം കാറില്‍ കൊണ്ടുപോയ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് അഭിനന്ദനപ്രവാഹം.മറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ യുവ ഡോക്ടര്‍ ഷെഹന്‍ഷാ പരീത് ആണ് മാതൃകാപരമായ ഇടപെടല്‍ നടത്തി രോഗിയെ രക്ഷിച്ചത്.
വ്യാഴാഴ്ച രാവിലെ 11-ഓടെ ഹൃദയാഘാതം ഉണ്ടായ ഒക്കല്‍ പിലാപ്പിള്ളി വീട്ടില്‍ പി.എ. ഗോപി (57) യെ ആംബുലന്‍സില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വാഹനത്തില്‍ വെച്ച് വലിയ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ പെട്ടെന്ന് സമീപത്തെ മറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കയറ്റി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ഷെഹന്‍ഷാ പരീത് ഇസിജി പരിശോധിച്ചപ്പോള്‍ ഗുരുതരാവസ്ഥ ബോധ്യമായി.
.gif)

ഉടന്‍ ആംബുലന്‍സില്‍ അങ്കമാലിയിലെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളോട് പറഞ്ഞു. അപ്പോഴേക്കും രോഗിയെ കൊണ്ടുവന്ന ആംബുലന്‍സ് മടങ്ങിപ്പോയിരുന്നു. മറ്റ് ആംബുലന്‍സുകള്‍ക്കായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. സമയം വൈകിയാല്‍ രോഗി അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ സ്വന്തം വാഹനത്തില്‍ അങ്കമാലി ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തിച്ചു.
അവിടെ ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ചുവരുന്നു. ഡോക്ടര്‍ ഷെഹന്‍ഷാ പരീതിന്റെ മാതൃകാപരമായ സേവനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. അപ്പു സിറിയക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചതോടെ അഭിനന്ദന പ്രവാഹമായി.
Unable find an ambulance government doctor takes patient specialist treatment his own car
