ബെംഗളൂരു: (truevisionnews.com) മക്കള്‍ പരീക്ഷകളില്‍ വന്‍ വിജയം നേടുമ്പോഴാണ് മിക്കവാറും എല്ലാവരും കേക്ക് മുറിച്ച് ആ സന്തോഷം ആഘോഷിക്കാറുളളത്. മക്കളെ പരീക്ഷകളില്‍ വലിയ മാര്‍ക്ക് വാങ്ങാനായി സമ്മര്‍ദ്ദം ചെലുത്തുന്ന മാതാപിതാക്കളുമുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കര്‍ണാടകയിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാജയമാണ് മാതാപിതാക്കളും കുടുംബവും കേക്ക് മുറിച്ച് ആഘോഷിച്ചത്.

ബഗല്‍കോട്ടിലെ ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക് ചോളചഗുഡ്ഡ. അടുത്തിടെയാണ് അഭിഷേകിന്റെ എസ്എസ്എല്‍സി ബോര്‍ഡ് പരീക്ഷയുടെ ഫലം വന്നത്. ആറ് വിഷയങ്ങളില്‍ അഭിഷേക് പരാജയപ്പെട്ടു. 625-ല്‍ 200 മാര്‍ക്കാണ് വിദ്യാര്‍ത്ഥിക്ക് നേടാനായത്. അതായത് 32 ശതമാനം മാര്‍ക്ക്. പാസാവാനുളള മാര്‍ക്ക് അവന് ലഭിച്ചില്ല.
സാധാരണ ഇത്തരം അവസ്ഥകളില്‍ മാതാപിതാക്കള്‍ അസ്വസ്ഥരാവുകയും മക്കളോട് ദേഷ്യപ്പെടുകയും ചിലപ്പോഴൊക്കെ അടിക്കുകയുമൊക്കെയാണ് പതിവ്. എന്നാല്‍ അഭിഷേകിന്റെ മാതാപിതാക്കള്‍ ഇവിടെയാണ് വ്യത്യസ്തരായത്. അവര്‍ മകനെ വഴക്കുപറയുന്നതിനു പകരം അവന്റെ പരാജയത്തെ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. വൈറലായ വീഡിയോയില്‍ അഭിഷേക് അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരങ്ങള്‍ക്കുമൊപ്പം കേക്ക് മുറിക്കുന്നതും മധുരം പങ്കിടുന്നതും കാണാം.
അടുത്ത തവണ ജയിക്കാനായി മകനെ പ്രോത്സാഹിപ്പിക്കാനാണ് കേക്ക് മുറിച്ച് ആഘോഷിച്ചതെന്ന് അഭിഷേകിന്റെ അച്ഛന്‍ യല്ലപ്പ ചോളചഗുഡ്ഡ പറഞ്ഞു. ' അവന് പരീക്ഷയില്‍ 32 ശതമാനം മാര്‍ക്കാണ് നേടാനായത്. ഈ നമ്പര്‍ കേക്കില്‍ ഡിസൈന്‍ ചെയ്തിരുന്നു. അഭിഷേക് കേക്ക് മുറിച്ചപ്പോള്‍ ഞങ്ങളെല്ലാവരും അവന് മധുരം നല്‍കി. അടുത്ത തവണ മികച്ച വിജയം നേടാന്‍ അവനെ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചു'- യല്ലപ്പ പറഞ്ഞു. പരാജയത്തിന്റെ ഗൗരവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും മകന്‍ കഷ്ടപ്പെട്ട് പഠിച്ചിരുന്നു, അത് പരീക്ഷയില്‍ പ്രതിഫലിച്ചില്ല, ഈ ആഘോഷം അടുത്ത തവണ നല്ല മാര്‍ക്ക് വാങ്ങാനുളള ആത്മവിശ്വാസം മകന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, താന്‍ തോറ്റുപോയെങ്കിലും കുടുംബം തന്നോടൊപ്പം നിന്നെന്നും നന്നായി പഠിച്ച് വീണ്ടും പരീക്ഷയെഴുതി വിജയിക്കുമെന്നും അഭിഷേക് പറഞ്ഞു. കുട്ടിക്കാലത്ത് ഉണ്ടായ ഒരു തീപിടിത്തത്തെ തുടര്‍ന്ന് തനിക്ക് ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്ന പ്രശ്‌നമുണ്ടെന്നും പഠിച്ച കാര്യങ്ങള്‍ ഓര്‍മിക്കാന്‍ ബുദ്ധിമുട്ടുളളതാണ് പരീക്ഷയില്‍ തോല്‍ക്കാന്‍ കാരണമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
Son fails 10th class exam Family celebrates cutting cake without blaming him
