എറണാകുളം: ( www.truevisionnews.com ) എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ നാലു വിദ്യാർത്ഥികളെ കോളജ് പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്.

കോടതി അനുമതിയോടെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
കളമശ്ശേരി പോലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഹോസ്റ്റലിൽ പരിശോധന നടത്തിയതും കഞ്ചാവ് കണ്ടെത്തിയതും. പരിശോധനയിൽ, ഒരു മുറിയിൽനിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയിൽനിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.
കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽനിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽ നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞമാസം 13നായിരുന്നു ഹോസ്റ്റലിൽ പരിശോധന നടത്തിയത്.
Cannabis case Kalamassery Polytechnic College expels four students
