ദില്ലി:(truevisionnews.com) പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ പിൻമാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ നീക്കം. ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ഡാം സന്ദർശിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. അതേസമയം മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട ഇന്ത്യയുടെ നടപടിക്ക് എതിരെ പാക്കിസ്ഥാൻ ലോക ബാങ്കിനെയും, അന്തരാഷ്ട്ര തർക്ക പരിഹാര കോടതിയെയും സമീപിക്കും. അതേസമയം, സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച ഇന്ത്യൻ നടപടിക്കെതിരെ പ്രതിഷേധം തുടരുകയാണ് പാകിസ്ഥാൻ.

ഓരോ തുളളി വെള്ളത്തിലും പാകിസ്ഥാനും അവകാശമുണ്ടെന്നും കരാർ ഏകപക്ഷീയമായി പിൻവലിക്കാനാവില്ലെന്നും പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പ്രതികരിച്ചു. ഇന്ത്യയുടെ വിശ്വാസ്യത ലോക രാഷ്ട്രങ്ങൾക്കിടയിൽ തകർന്നു കഴിഞ്ഞെന്നും ലഘാരി പറയുന്നു. എന്നാൽ, ഭീകരാക്രമണത്തിന് പിന്നാലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പാകിസ്ഥാന് ജലം നല്‍കാതിരിക്കാനുള്ള ഹൃസ്വകാല ദീര്‍ഘകാല പദ്ധതികളാണ് ഇന്ത്യ തയ്യാറാക്കുന്നത്.
പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.
സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കും നൽകുന്നതാണ് കരാർ. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറിൽ നിന്നും പിൻമാറുന്നതിലൂടെ കരാർപ്രകാരമുള്ള എല്ലാ നടപടികളും നിറുത്തി വയ്ക്കാനാണ് നീക്കം.
pahalgam terror attack india not back down withdrawing indus water treaty
