കണ്ണൂർ : (www.truevisionnews.com) താൻ വേട്ടയാടപ്പെട്ട നിരപരാധിയെന്നും ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും സൂചിപ്പിച്ച് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. സമൂഹത്തിന്റെ മനസ് എപ്പോഴും വേട്ടക്കാരുടെതാണെന്നും ഈസ്റ്റർ ദിനത്തിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ ദിവ്യ സൂചിപ്പിച്ചു.

വിവാദസമയത്ത് പാർട്ടി ഒപ്പം നിന്നില്ലെന്ന സൂചനയും സന്ദേശത്തിലുണ്ട്. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്താണ് ദിവ്യ. പരോക്ഷമായാണെങ്കിലും നവീൻ ബാബു കേസിൽ താൻ നിരപരാധിയായിരുന്നുവെന്നാണ് ദിവ്യ ഉറപ്പിച്ചു പറയുന്നത്.
മുമ്പും ഇത്തരത്തിലുള്ള പോസ്റ്റുകളുമായി ദിവ്യ രംഗത്തുവന്നിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായാണ് ഈസ്റ്റർ ദിന സന്ദേശവുമായി ദിവ്യ വന്നിരിക്കുന്നു.
വിഡിയോ സന്ദേശത്തിന്റെ പൂർണരൂപം:
എല്ലാവർക്കും നമസ്കാരം. ഈസ്റ്റർ ആശംസകൾ. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ഇത് നമുക്ക് ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്ന ലളിതമായ സത്യം തിൻമയുടെ മേൽ അവസാനത്തെ ജയം നൻമക്കായിരിക്കുമെന്നാണ്.
നിസ്വാർഥമായ മനുഷ്യർക്കായി ചോദ്യങ്ങളുയർത്തിയതിനാലാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടത്. വാക്കിലോ പ്രവർത്തിയിലോ മനോഭാവത്തിലോ തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നൻമ മാത്രം ആഗ്രഹിച്ച വ്യക്തി.
നെറികേട് കണ്ടാൽ ചാട്ടവാറെടുത്ത നീതിമാനായിരുന്നു അദ്ദേഹം. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെ പറഞ്ഞ മനുഷ്യ സ്നേഹി. ഒപ്പമുണ്ടായിരുന്നവർ തന്നെയാണ് കല്ലെറിഞ്ഞത്. കൂടെയിരുന്ന് അത്താഴം കഴിച്ചവർ തന്നെയാണ് യേശുവിനെ ഒറ്റിക്കൊടുത്തത്.
നിലപാടുകളുടെ പേരിൽ കുരിശിലേറ്റാലും ഉയിർത്തെഴുന്നേൽക്കപ്പെടുക തന്നെ ചെയ്യും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യം പുറത്തുവരും. വെള്ളിയാഴ്ച ക്രൂശിച്ചാൽ ഞായറാഴ്ച ഉയിർത്തെഴുന്നേൽക്കും. ''
#Christ #crucified because #righteous #mind #society #PPDivya #Eastermessage
