കൂടരഞ്ഞി: (truevisionnews.com) ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് മാംസ വിൽപന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് മാംസ വിൽപന കടകളിൽ പരിശോധന. പോത്തിറച്ചിക്ക് പകരം കാള ഇറച്ചി വിൽക്കുന്നതായാണ് പരാതിയുയർന്നത്.

ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കൂടരഞ്ഞി അങ്ങാടിയിലെ ബിസ്മി ബീഫ് സ്റ്റാളിലും കരിങ്കുറ്റിയിലെ എം. ബീഫ് സ്റ്റാളിലുമാണ് പോത്തിറച്ചിക്ക് പകരം കാള ഇറച്ചി വിൽക്കുന്നതായി ആക്ഷേപമുയർന്നതെന്ന് പരിശോധന സംഘം അറിയിച്ചു.
മാംസ വിൽപന കടകളിൽ ഏത് മാംസം വിൽക്കുന്നുവെന്ന് പ്രദർശിപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അനധികൃത മാംസ, മത്സ്യ വിൽപന കടകൾ ഒരാഴ്ചക്കകം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.
നിയമ ലംഘകർക്കും അനധികൃത വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. അടുത്ത ദിവസങ്ങളിൽ പരിശോധന തുടരും. ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവൻ പരിശോധനക്ക് നേതൃത്വം നൽകി.
#Selling #beef #instead #buffalo #Inspection #meat #shops
