ബംഗളുരു: (truevisionnews.com) മെട്രോ നിർമാണത്തിനായി വാഹനത്തിൽ കൊണ്ടുവന്ന കൂറ്റൻ ഗർഡർ ശരീരത്തിൽ പതിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം.

വാഹനത്തിലുണ്ടായിരുന്നവരെല്ലാം അപകടാവസ്ഥ തിരിച്ചറിഞ്ഞ് പുറത്തിറങ്ങി രക്ഷപ്പട്ടെങ്കിലും ഇരുപത് ദിവസം മാത്രം പഴക്കമുള്ള തന്റെ ഓട്ടോറിക്ഷ സ്ഥലത്തു നിന്ന് മാറ്റാൻ ശ്രമിച്ച 42കാരന്റെ ശരീരത്തിലേക്ക് ഗർഡർ പതിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയും പൂർണമായി തകർന്നു.
ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് ശേഷം നോർത്ത് ബംഗളുരുവിലായിരുന്നു ദാരുണമായ സംഭവം. കെംപഗൗഡ വിമാനത്താവളത്തിലെ സർവീസ് റോഡിൽ കൊഗിലു ക്രോസിന് അടുത്ത് വെച്ചാണ് ഹുബ്ബള്ളി ഹെഡ്ഗെ നഗർ സ്വദേശിയായ കാസിം മരിച്ചത്.
യെലഹങ്കയിലേക്കുള്ള ഒരു യാത്രക്കാരനെയും കൊണ്ടാണ് കാസിം ഓട്ടോറിക്ഷയിൽ വന്നത്. ഈ സമയം മെട്രോ നിർമാണത്തിനായി 70 ടണ്ണിലേറെ ഭാരമുള്ള കൂറ്റൻ കോൺക്രീറ്റ് ഗർഡർ വലിയ ട്രക്കിൽ കൊണ്ടുവരികയായായിരുന്നു.
35 മീറ്റർ നീളമുള്ള മൾട്ടി ആക്സിൽ ട്രക്ക് സർവീസ് റോഡിൽ നിന്ന് യൂടേൺ എടുക്കുന്നതിനിടെ ജീവനക്കാർ രണ്ട് വശത്തുമുള്ള വാഹനങ്ങൾ തടഞ്ഞു. എന്നാൽ ഇതിനിടെ ഒരു ബസ് എതിർവശത്തു നിന്ന് വരുന്നത് കണ്ട് ട്രക്ക് ഡ്രൈവർ പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യുകയും അൽപം പിന്നിലേക്ക് എടുക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ സമയം ഗർഡറിനെ ട്രക്കുമായി ബന്ധിപ്പിച്ചിരുന്ന ചങ്ങല പൊട്ടി ഗർഡർ താഴേക്ക് നീങ്ങാൻ തുടങ്ങി. ആളുകളോട് ഓടി മാറാൻ പരിസരത്തുണ്ടായിരുന്ന ജീവനക്കാർ ആവശ്യപ്പെട്ടു.
കാസിമിന്റെ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ ഉടൻ പുറത്തിറങ്ങിയെങ്കിലും കാസിം വാഹനം മാറ്റാനായി അതിൽ തന്നെയിരുന്നു. ഈ സമയം ഗർഡർ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യെലഹങ്ക പൊലീസിന് ക്രെയിൻ ഉപയോഗിച്ച് ഗർഡർ ഉയർത്തിയ ശേഷമാണ് മൃതദേഹം ഓട്ടോറിക്ഷയിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചത്. പിന്നീട് ഓട്ടോറിക്ഷയിൽ നിന്ന് കിട്ടിയ സാധനങ്ങൾ പരിശോധിച്ചാണ് കാസിമിനെ തിരിച്ചറിഞ്ഞതും ബന്ധുക്കളെ വിവരമറിയിച്ചതും.
ഗർഡർ കൊണ്ട് പോകുമ്പോൾ മറ്റ് വാഹനങ്ങളെ സുരക്ഷിതമായ അകലത്തിൽ തടഞ്ഞുനിർത്താൻ ആവശ്യമായ ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആളുകൾ പറഞ്ഞു.
#Auto #driver #dies #girder
