മലപ്പുറം:(truevisionnews.com) മലപ്പുറം ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്പയിനുമായി ജില്ലാ ആരോഗ്യ വകുപ്പ്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് വിവിധ പരിപാടികൾ നടത്താനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നത്. ഈ വർഷം മാത്രം മലപ്പുറം ജില്ലയിൽ മാത്രം 155 പേർ വീട്ടിൽ പ്രസവിച്ചുവെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. 2020ൽ 199, 2021ൽ 257, 2022ൽ 258, 2023ൽ 266, 2024ൽ 253 പ്രസവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ഈ പ്രവണതക്ക് മാറ്റമില്ല. അതിനാൽ തന്നെ ഈ വർഷത്തെ ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴ് മുതൽ ഇതിനെതിരെ ക്യാമ്പയിൻ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. 'ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നിർഭരമായ ഭാവിക്ക്' എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിന സന്ദേശം.
ഈ അവസരത്തിൽ 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന മുദ്രാവാക്യമാണ് കേരള സർക്കാർ മുന്നോട്ട് വെക്കുന്നത്. മാതൃ-നവജാത ശിശുമരണങ്ങൾ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന ശ്രമങ്ങൾ വേഗത്തിലാക്കാൻ പൊതുസമൂഹത്തിന്റെ ഒരുമിച്ചുള്ള ഇടപെടലിന്റെ അനിവാര്യതയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ മാതൃ - ശിശു മരണങ്ങൾ കുറഞ്ഞപ്പോൾ പ്രസവം തീരെ ലളിതമാണെന്നും അതിനു ആശുപത്രിയിൽ പോകേണ്ട കാര്യമൊന്നുമില്ല എന്നൊരു ധാരണയുണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു. ഇത് വളരെ അപകടകരമാണെന്നും യഥാർത്ഥത്തിൽ ശരിയായ സംവിധാനങ്ങൾ ഇല്ലെങ്കിൽ മുൻപുള്ള അപകടങ്ങൾ ഇപ്പോഴും സംഭവിക്കാവുന്നതേയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനത്തിൽ ആരംഭിക്കുന്ന ഈ ക്യാമ്പയിന്റെ ഭാഗമായി, പ്രത്യേകിച്ച് വീട്ടിലെ പ്രസവം കൂടുതലുള്ള വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ നാടകങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ നയിക്കുന്ന സെമിനാറുകൾ, സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകൾ, വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ തുടർന്നും സംഘടിപ്പിക്കും.
ഇതോടൊപ്പം തന്നെ കുട്ടികളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വാക്‌സിൻ സ്വീകരിക്കുന്നതു മൂലം തടയാവുന്ന 12 മാരക രോഗങ്ങളെ സംബന്ധിച്ചും കുഞ്ഞുങ്ങൾക്ക് പ്രായത്തിനനുസരിച്ച് കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി 'കുഞ്ഞിക്കുട' എന്ന പേരിൽ സമ്പൂർണ്ണ വാക്‌സിനേഷൻ ക്യാമ്പയിന് ഈ ലോക ആരോഗ്യ ദിനത്തിൽ തുടക്കം കുറിക്കും. ലോകാരോഗ്യ ദിനാചരണം ജില്ലാ തല ഉദ്ഘാടനം മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഹാളിൽ വച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് മലപ്പുറം എം എൽ എ ഉബൈദുള്ള നിർവഹിക്കും.
#childbirth#simple #need #hospital #Home #irth #dangerous#Health #Department #launches #campaign
