Apr 5, 2025 09:27 PM

തിരുവനന്തപുരം: (truevisionnews.comആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന സമരസമിതിയുടെ ആരോപണത്തില്‍ ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി. സമരം തീര്‍ക്കാന്‍ കമ്മീഷനെ വെക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ താൻ ഉന്നയിച്ചിട്ടില്ലെന്നാണ് വാദം. കെ സുധാകരനും വിഡി സതീശനും ഐഎന്‍ടിയുസി നിലപാട് തള്ളിയതോടെയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസത്തെ ചർച്ച പൊളിയാൻ കാരണം ഐഎൻടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകളാണെന്ന് സമരസമിതി കുറ്റപ്പെടുത്തിയിരുന്നു.

സംഘടനാപരമായ നടപടികളുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ പരസ്യമായി അറിയിച്ചതോടെയാണ്, ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി ആസ്ഥാനത്തെത്തി കെ സുധാകരനെ കണ്ടത്. ആശാ സമരം ഒത്തുതീര്‍ക്കാനായി മന്ത്രി വിളിച്ച ചര്‍ച്ചയില്‍ ഒരു പഠനസമിതിയെ വെക്കാമെന്ന നിര്‍ദേശം താനല്ല മുന്നോട്ടുവച്ചതെന്നാണ് ചന്ദ്രശേഖറിന്‍റെ വിശദീകരണം. ആശാ സമരസമിതിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്.

അങ്കണവാടി ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്ന അതേ മാതൃകയായതുകൊണ്ടാണ് കമ്മീഷനെ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചത്. ബാക്കിയെല്ലാം മാധ്യമവാര്‍ത്തകളാണെന്നും ആര്‍ ചന്ദ്രശേഖരന്‍ വിശദീകരിച്ചു. സമരം ഒത്തുതീര്‍ക്കണമെന്ന മനോഭാവം സമരസമിതി നേതാക്കള്‍ക്കില്ലെന്നാണ് ഐഎന്‍ടിയുസി പ്രസിഡന്‍റ് പറയുന്നത്.

ഓണറേറിയം കൂട്ടാന്‍ കമ്മീഷനെ വെക്കണമെന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും ഇതിന് വിരുദ്ധമായി ഐഎന്‍ടിയുസി നിലപാട് എടുത്തത് ഗൗരവത്തോടെ കാണുന്നു എന്നാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. പ്രധാന ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഒന്നിച്ചുനിന്ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആശാ സമരത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് സമരസമിതി ഇന്ന് ഉയര്‍ത്തിയത്.

ആശാസമരത്തെ തുടക്കം മുതല്‍ എതിര്‍ത്ത ഐഎന്‍ടിയുസി, കെസി വേണുഗോപാലിന്‍റെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്നാണ് നിലപാട് മാറ്റിയത്. അത് ലംഘിച്ച് വീണ്ടും മുന്നോട്ടുപോയാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതം ഭയന്നാണ് വിശദീകരണ നോട്ടീസ് വരുന്നതിന് മുന്നെ അധ്യക്ഷനെ അങ്ങോട്ട് പോയിക്കണ്ട് പ്രശ്നപരിഹാരത്തിനുള്ള ചന്ദ്രശേഖരന്‍റെ ശ്രമം.

#Allegations #betraying #Asha #movement #RChandrasekharan #meets #KPCC #President #explanation

Next TV

Top Stories