മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വൈദികരെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നേരത്തെ നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കണ്ടാൽ തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തിയിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്ത വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ സാഹു പിടിഐയോട് പറഞ്ഞു. എന്നാൽ കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥൻ നൽകിയില്ല.
മാർച്ച് 31 നായിരുന്നു ജബൽപൂർ കത്തോലിക്കാ രൂപതയുടെ വികാരി ജനറൽ ഫാദർ ഡേവിസ് ജോർജിനും ജബൽപൂർ രൂപത കോർപ്പറേഷൻ സെക്രട്ടറി ഫാദർ ജോർജ് തോമസിനും റാഞ്ചി പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് വിഎച്ച്പി ബജ്രംഗംദൾ പ്രവർത്തകരുടെ മർദനമേറ്റത്.
മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ആദിവാസികളടക്കമുള്ള തീർഥാടക സംഘത്തെയും പിന്നാലെ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വൈദികരെയും പ്രവർത്തകർ മർദിച്ചു.
#Police #register #case #against #Malayali #priests #Jabalpur
