Mar 26, 2025 03:14 PM

( www.truevisionnews.com) നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന വെളിപ്പെടുത്തലിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാർഢ്യവുമായി മന്ത്രി വി ശിവൻകുട്ടി. ശാരദ മുരളീധരന്റേത് ധീരമായ പ്രതികരണമാണ്. പുരോഗമന കേരളത്തിൽ ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല. അത് ഊന്നിപ്പറഞ്ഞ ശാരദ മുരളീധരന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

പൊതുസേവനത്തോടുള്ള ചീഫ് സെക്രട്ടറിയുടെ നേതൃപരമായ സമർപ്പണം മാതൃകാപരമാണെന്നും വ്യക്തികളെ അവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് വിലമതിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കണമെന്നും ഇത് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, ചീഫ് സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രിമാരടക്കമുള്ളവർ എത്തി. ഫെയ്സ്ബുക്കിലൂടെയാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വൈകാരിക പ്രതികരണം നടത്തിയത്. ചീഫ് സെക്രട്ടറി എന്ന നിലയിൽ തന്റെ പ്രവർത്തനം കറുത്തത് എന്ന ആരോപണം നേരിട്ടുവെന്ന് ശാരദാ മുരളീധരൻ പറഞ്ഞു. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ജി വേണുവിന്റെ പ്രവർത്തനം വെളുത്തതെന്നും ഇതേയാൾ തന്നെ പറഞ്ഞു.

സ്ത്രീ ആയത് കൊണ്ടാണ് ഇതെല്ലാം കേൾക്കേണ്ടിവരുന്നത്. 50 വർഷമായി അധിക്ഷേപം കേൾക്കുന്നു എന്നും ശാരദ മുരളീധരൻ കുറിച്ചു. കറുപ്പ് മോശം എന്ന ചിന്ത തൻ്റെ മക്കളാണ് മാറ്റിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കുറിപ്പ് ഹൃദയസ്പർശിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുന്നുവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. നിറത്തിന്റെ പേര് പറഞ്ഞ് ആരും അധിക്ഷേപിക്കാൻ പാടില്ല എന്ന് കെ മുരളീധരനും, എല്ലാ നിറവും ഭംഗിയുള്ളതെന്ന് ഷാഫി പറമ്പിൽ എംപിയും വ്യക്തമാക്കി.







#minister #vsivankutty #expresses #solidarity #with #chief #secretary #saradamuraleedharan

Next TV

Top Stories