Mar 20, 2025 01:45 PM

ന്യൂഡല്‍ഹി: ( www.truevisionnews.com ) ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് ടീം ഇന്ത്യക്ക് ലഭിക്കുക.

താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി തുക വിതരണം ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം നേടിയത്.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും ഓരോ താരത്തിനും മൂന്നുകോടി രൂപ വീതം ലഭിക്കും. കോച്ചിങ് സ്റ്റാഫുകള്‍ക്കും സപ്പോര്‍ട്ട്‌ സ്റ്റാഫുകള്‍ക്കും 50 ലക്ഷം വീതവും ബിസിസിഐ ഓഫീഷ്യല്‍സ്, ലോജിസ്റ്റിക് മാനേജേഴ്‌സ് എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും.

അതേസമയം ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ഐസിസിയുടെ സമ്മാനത്തുകയായ 20 കോടിയോളം രൂപ, കളിക്കാര്‍ക്കിടയില്‍ മാത്രം വിതരണം ചെയ്യാമെന്നാണ് ബിസിസിഐയുടെ തീരുമാനം.

ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ്, പാകിസ്താന്‍, ന്യൂസീലന്‍ഡ് ടീമുകളെയും സെമിയില്‍ ഓസ്‌ട്രേലിയയെയും മറികടന്നെത്തിയ ഇന്ത്യ, കലാശപ്പോരില്‍ കിവികളെയും തകര്‍ത്താണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്.

രോഹിത് ശര്‍മയുടെ കീഴില്‍ ആധികാരികമായിരുന്നു എല്ലാ ജയങ്ങളും. ടൂര്‍ണമെന്റില്‍ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ ഏക ടീമും ഇന്ത്യതന്നെ.

കിരീടത്തിനായുള്ള എല്ലാവരുടെയും കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് സമ്മാനത്തുകയെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി വ്യക്തമാക്കി. അണ്ടര്‍-19 വനിതാ ലോകകപ്പ് കിരീടത്തിനു പിന്നാലെ 2025-ലെ ഇന്ത്യയുടെ രണ്ടാമത്തെ ഐസിസി കിരീടമാണിത്.

#BCCI #announced #huge #reward #indianteam #won #ICCChampionsTrophy

Next TV

Top Stories