ലഖ്നോ: (truevisionnews.com) മതംമാറ്റത്തിന് പണം നൽകിയെന്ന് ആരോപിച്ച് യു.പിയിൽ പാസ്റ്ററെ അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ഇയാൾ പിടിയിലായതെന്ന് യു.പി പൊലീസ് അറിയിച്ചു.

ക്രിസ്തുമതത്തിലേക്ക് മാറുന്നതിനായി ഇയാൾ ആളുകൾക്ക് പണം നൽകിയെന്നാണ് ആരോപണം. രവികുമാർ ആസാദ് എന്ന രവി പാസ്റ്ററാണ് പിടിയിലായത്. മീററ്റ് കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. 2024 ആഗസ്റ്റിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് രവി പാസ്റ്ററെ പിടികൂടിയതെന്ന് ജില്ലാ പൊലീസ് വക്താവ് അറിയിച്ചു.
എസ്.ഐ അനിൽകുമാർ സിങ്, യോഗേഷ് ചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മീററ്റ് ക്രൈംബ്രാഞ്ചിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ബാഹുര മന്ദിർ ഔട്ട്പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാൾ പിടിയിലായതെന്നും പൊലീസ് അറിയിച്ചു.
2024 ആഗസ്റ്റ് 12നാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. മനോജ് ത്യാഗിയെന്നയാളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എസ്.സി വിഭാഗത്തിൽ നിന്നുള്ള ആളുകളെ ഇയാളുടെ നേതൃത്വത്തിൽ ക്രിസ്തുമതത്തിലേക്ക് മതംമാറ്റുന്നുവെന്നാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ മതംമാറ്റം തടയുന്ന നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മീററ്റ് ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തിയത്.
#Pastor #arrested #UP #allegedly #paying #religious #conversions
