പുണെ: ( www.truevisionnews.com ) മഹാരാഷ്‌ട്രയിലെ പുണെയിൽ ട്രാവലറിന് തീ പിടിച്ച് നാല് പേർ മരിച്ചു. ഓഫീസിലേക്ക് തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്ന സ്വകാര്യ കമ്പനിയുടെ ട്രാവലറിനാണ് തീ പിടിച്ചത്.

14 പേർ സഞ്ചരിച്ച ട്രാവലറാണ് അഗ്‌നിക്കിരയായത്. നാല് പേർ മരിച്ചപ്പോൾ 10 പേർക്ക് കാര്യമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഹിഞ്ചേവാഡി ഐടി പാർക്ക് ഏരിയയിൽ വച്ച് രാവിലെ 7.30 ഓടെയാണ് തീ പിടിത്തമുണ്ടായത്. സുഭാഷ് ഭോസാലെ, ശങ്കർ ഷിൻഡെ, ഗുരുദാസ് ലോകരെ, രാജു ചവാൻ എന്നിവർ മരിച്ചതെന്നാണ് പ്രാഥമിക വിവരം.
‘വാഹനം ഓടുന്നതിനിടെ ഡ്രൈവറിന്റെ സീറ്റിന് സമീപത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഡ്രൈവറും എട്ട് യാത്രക്കാരും പുറത്ത് ചാടി.’– ഹിഞ്ചേവാഡി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയ കനയ്യ തോറാത്ത് പറഞ്ഞു.
ഹിഞ്ചേവാഡിയിലെ റൂബി ഹാൾ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
#running #traveler #caught #fire #four #people #burned #death
