തിരുവനന്തപുരം: ( www.truevisionnews.com ) അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്.
നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. 2022ലെ ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്‍റീനക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച അഭൂതപൂര്‍വമായ പിന്തുണക്ക് നന്ദി അറിയിച്ച അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ് അര്‍ജന്‍റീന ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ തയാറാണെന്ന് ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചത്.
എന്നാല്‍ മത്സരത്തിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഈ വാഗ്ദാനം നിരസിച്ചു. ഇതിന് പിന്നാലെയാണ് അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്.
#Messi #visit #Kerala #approved #Union #SportsMinistry #says #SportsMinister
