Mar 16, 2025 10:46 PM

ന്യൂഡൽഹി: (truevisionnews.com)  വിമർശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് താൻ ശക്തമായി വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായി സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

നമുക്ക് നല്ലരീതിയിലുള്ള വിമർശനങ്ങൾ വേണം. അത് മൂർച്ചയുള്ളതും വിവരങ്ങൾ നൽകുന്നതുമായിരിക്കണം. ജനാധിപത്യം നിങ്ങളുടെ സിരകളിൽ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, വിമർശനങ്ങളെ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ വിമർശനം കണ്ടെത്താൻ ഇക്കാലത്ത് പ്രയാസമാണ്. വിമർശനവും ആരോപണങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വിമർശനങ്ങളെ നേരിട്ടത് എങ്ങനെയെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മോദിയുടെ പ്രതികരണം. തന്റെ ആദ്യകാല ജീവിതം, ഹിമാലയ യാത്ര, ആർഎസ്എസിന്റെ സ്വാധീനം, ഹിന്ദു ദേശീയത എന്നിവയെക്കുറിച്ചും മോദി സംസാരിച്ചു.

ഇന്നത്തെ കാലത്തുള്ളത് യഥാർത്ഥ വിമർശനമല്ല എന്നതാണ് തന്റെ പരാതിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യഥാർത്ഥ വിമർശനത്തിന് സമഗ്രമായ പഠനവും ആഴത്തിലുള്ള ഗവേഷണവും സൂക്ഷ്മമായ വിശകലനവും ആവശ്യമാണ്.

അസത്യങ്ങളിൽ നിന്ന് സത്യം കണ്ടെത്താനാണ് അത് ആവശ്യപ്പെടുന്നത്. ആരോപണങ്ങൾ ആർക്കും ഗുണം ചെയ്യില്ല. അത് അനാവശ്യ സംഘർഷങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താൻ എപ്പോഴും വിമർശനങ്ങളെ തുറന്ന് സ്വാഗതം ചെയ്യുന്നത്.

തെറ്റായ ആരോപണങ്ങൾ വരുമ്പോഴെല്ലാം ശാന്തമായി സ്വന്തം രാജ്യത്തെ സേവിക്കുന്നത് പൂർണ്ണ സമർപ്പണത്തോടെ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു. ആർ‌എസ്‌എസുമായുള്ള ബന്ധം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന് സ്ത്രീകളായാലും യുവാക്കളായാലും തൊഴിലാളികളായാലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘടന ഒരു പങ്കു വഹിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.

''ആർ‌എസ്‌എസിലൂടെ ഞാൻ ഒരു ലക്ഷ്യബോധമുള്ള ജീവിതം കണ്ടെത്തി. പിന്നീട് സന്യാസിമാർക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു, അത് എനിക്ക് ശക്തമായ ഒരു ആത്മീയ അടിത്തറ നൽകി.

ഞാൻ അച്ചടക്കവും ലക്ഷ്യബോധമുള്ള ജീവിതവും കണ്ടെത്തി. സന്യാസിമാരുടെ മാർഗ്ഗനിർദ്ദേശത്തിലൂടെ എനിക്ക് ആത്മീയ അടിത്തറ ലഭിച്ചു. സ്വാമി ആത്മസ്ഥാനന്ദയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരും എന്റെ യാത്രയിലുടനീളം എന്നെ കൈപിടിച്ചു.

ഓരോ ഘട്ടത്തിലും എന്നെ നിരന്തരം നയിച്ചു. രാമകൃഷ്ണ മിഷന്റെയും സ്വാമി വിവേകാനന്ദന്റെയും പഠനങ്ങളും ആർ‌എസ്‌എസിന്റെ സേവനാധിഷ്ഠിത തത്ത്വചിന്തയും എന്നെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്." മോദി പറഞ്ഞു.






#strongly #believe #criticism #soul #democracy #NarendraModi

Next TV

Top Stories