കലഞ്ഞൂർ: ( www.truevisionnews.com ) ഒൻപതും ആറും വയസ്സുള്ള കുഞ്ഞുങ്ങൾ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംശയത്തിന്റെപേരിൽ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുന്നത്.

കലഞ്ഞൂർ പാടം എരുത്വാപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കുട്ടികളുടെ അച്ഛൻ ബൈജുവും അമ്മ വൈഷ്ണയും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് വൈഷ്ണ സമീപത്തെ വിഷ്‍ണുവിന്റെ വീട്ടിലേക്ക് ചെല്ലുന്നത്. പിന്നീടാണ് ബൈജുവിന്റെ കൈയിലിരുന്ന വെട്ടുകത്തിയിൽ രണ്ട് ജീവനുകൾ ഇല്ലാതായത്. ഇവിടെ വേദനിക്കുന്ന ഓർമ്മകളുമായി കണ്ണീർക്കാഴ്ചയായിമാറുന്നത് ഈ രണ്ട് കുരുന്നുകുഞ്ഞുങ്ങളുടെ ജീവിതമാണ്.
അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചതും ഈ കേസിൽ അച്ഛൻ ജയിലിലാകുമ്പോഴും തണലറ്റുപോകുന്നത് ഈ കുഞ്ഞുങ്ങളുടെ സംരക്ഷണവും ഭാവിജീവിതവുമാണ്. തിങ്കളാഴ്ച രാവിലെതന്നെ കുട്ടികളെ വൈഷ്ണയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.
ഇവിടെനിന്ന് പോകുമ്പോഴും കുട്ടികൾ അമ്മയ്ക്ക് എന്ത് പറ്റിയെന്നും അച്ഛൻ എവിടെയെന്നും ചോദിച്ചുകൊണ്ടിരിക്കുകയാണ്. അമ്മയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ആണെന്നു മാത്രമാണ് ബന്ധുക്കൾ കുട്ടികളോട് പറഞ്ഞിട്ടുള്ളത്.
ഞായറാഴ്ച രാത്രി മുതൽ വീട്ടിലേക്ക് ആളുകൾ എത്തുമ്പോഴെല്ലാം ഈ കുഞ്ഞുങ്ങൾ ഒന്നുമറിയാതെ ചിരിക്കാതെ എല്ലാവരുടെയും മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
കഞ്ഞുങ്ങളെകണ്ട ബന്ധുക്കളും അയൽവാസികളും അവരുടെ മുൻപിൽവച്ച് ഈ ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നതിനുപോലും തയ്യാറായിട്ടുമില്ല. മൺകട്ട കെട്ടിയ അരക്ഷിതാവസ്ഥയിലുള്ള വീട്ടിൽനിന്ന് തൊട്ടുതാഴെ പണി പൂർത്തിയാകുന്ന വീട്ടിലേക്കുള്ള ഗൃഹപ്രവേശനം സ്വപ്‌നംകണ്ട് നടന്ന ഈ കുഞ്ഞുങ്ങൾക്ക് മുൻപിൽ ഇനി എല്ലാം പ്രതീക്ഷകൾമാത്രം. ഒപ്പം ഇവിടേക്ക് കൈപിടിച്ചുകയറ്റുവാൻ അമ്മ അരികിൽ ഇല്ലെന്നറിയാതെ അവർ എല്ലാവരുടെയും മുഖത്തേക്ക് നോക്കുന്നു.
കുട്ടിക്കാലംമുതൽ പാടം പ്രദേശത്ത് ഒരുമിച്ച് കളിച്ചുവളർന്നതാണ് വിഷ്ണുവും ബൈജുവും. മരംമുറിക്കൽ ഉൾപ്പെടെയുള്ള ജോലിക്ക് പോകുന്നതും ഇരുവരും ഒരുമിച്ചുതന്നെ. കൊലപാതകത്തിന് അരമണിക്കൂർ മുൻപുവരെ ഒരുമിച്ച് കാര്യം പറഞ്ഞിരുന്നവർ.
ഇതുതന്നെയാണ് ബൈജുവും വൈഷ്ണയും തമ്മിൽ ഉണ്ടായിരുന്നതും. സ്‌കൂൾതലം മുതൽ സ്നേഹിച്ച് ഒപ്പം ചേർന്നതാണ് ഇരുവരും. ഇതിനുശേഷമാണ് പത്തുവർഷം മുൻപ് ബൈജുവിന് ഒപ്പം വൈഷ്ണ ഇറങ്ങിച്ചെന്ന് വിവാഹിതരായത്. ഇത്തരത്തിലുള്ള സൗഹൃദവും പ്രണയവുമാണ് അവിഹിതമെന്ന സംശയത്തെ തുടർന്ന് ഒരു വെട്ടുകത്തിയുടെ മൂർച്ചയിൽ ഇല്ലാതായത്.
ഞായറാഴ്ച രാവിലെ മുതൽ പാടം പടയണിപ്പാറ ക്ഷേത്രത്തിന്റെ നിർമാണ ആവശ്യത്തിനുള്ള തടിമുറിക്കുന്ന ജോലിയിൽ ബൈജുവും വിഷ്ണുവും ഒരുമിച്ചുണ്ടായിരുന്നു. ഇവിടെനിന്ന് രാത്രി 10.30-നാണ് ഇരുവരും വീടുകളിലേക്ക് പിരിഞ്ഞത്. അതിനു ശേഷമാണ് ഈ ദുരന്തം സംഭവിച്ചത്.
നടുക്കത്തിൽ നാട്ടുകാർ
പാടം പോലൊരു വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമത്തിൽ നടന്ന ഇരട്ടകൊലപാതകത്തിന്റെ നടുക്കത്തിലാണ് ഗ്രാമവാസികൾ. എപ്പോഴും ഒരുമിച്ച് കാണാറുള്ള സുഹൃത്തുക്കളിൽ ഒരാൾ വെട്ടിക്കൊന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഗ്രാമവാസികൾ.
അധ്വാനിച്ച് ജീവിക്കുന്ന ബൈജുവിനെയും വിഷ്ണുവിനെയും കുറിച്ച് നല്ലതുമാത്രമെ നാട്ടുകാർക്ക് പറയാനുള്ളു. വിഷ്ണുവിന്റെ വാടക വീട്ടിലെത്തിയവർ ഒറ്റപ്രാവശ്യമേ ആ സിറ്റൗട്ടിലേക്ക് നോക്കിയുള്ളു.
സിറ്റൗട്ടിൽ മുഴുവൻ രക്തം തളംകെട്ടി കിടക്കുകയാണ്. വീടിന്റെ മുൻപിലത്തെ കതകിലും ഭിത്തിയിലും റോഡിലേക്കുള്ള വഴിയിലും രക്തംപടർന്ന് കിടപ്പുണ്ട്. ഈ കാഴ്ച ആരുടെയും മനസ്സിനെ തകർക്കുന്നതാണെന്ന് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ ഷാജി പാടം പറഞ്ഞു.
#Locals #shock #people #who #were #discussing #matter #together #until #half #hour #before #murder
