അരൂര്‍ ( ആലപ്പുഴ ) : ( www.truevisionnews.com ) അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ കോണ്‍ക്രീറ്റിങിനിടെ മേല്‍ത്തട്ട് അടിച്ചിരുന്ന തട്ട് ചോര്‍ന്ന് കോണ്‍ക്രീറ്റ് മിശ്രിതം താഴെ ദേശീയപാതയില്‍ വീണു. ഈ സമയം വാഹനങ്ങളടക്കം ഒന്നും പാതയില്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ എരമല്ലൂര്‍ ജങ്ഷന് തെക്ക് ഭാഗത്ത് പടിഞ്ഞാറേ പാതയിലേക്കാണ് കോണ്‍ക്രീറ്റ് മിശ്രിതം വീണത്. കോണ്‍ക്രീറ്റ് നടക്കുന്ന വേളയില്‍ മേല്‍ത്തട്ടില്‍ അടിച്ചിരുന്ന ഇരുമ്പ് ഷീറ്റിന് പൊട്ടല്‍ സംഭവിച്ചു.
വൈബ്രേറ്റര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ഉറപ്പിക്കുന്നതിനിടെ ഷീറ്റിലെ പൊട്ടലിന്റെ വ്യാപ്തി വര്‍ധിച്ച് കോണ്‍ക്രീറ്റ് മിശ്രിതം പാതയിലേക്ക് കുത്തിയൊലിക്കുകയായിരുന്നു. ഇതോടെ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് ഉയരപ്പാത അധികൃതര്‍ ഇരുമ്പ് ബാരിക്കേഡിനുള്ളിലൂടെ വാഹനം കടത്തിവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം പുതിയ ഇരുമ്പ് ഷീറ്റ് സ്ഥാപിച്ച് കോണ്‍ക്രീറ്റിങ് പുനരാരംഭിച്ചതായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന അശോക ബില്‍ കോണ്‍ അധികൃതര്‍ പറഞ്ഞു.
കോണ്‍ക്രീറ്റ് താഴെ വീണ സമയത്ത് വാഹനങ്ങളൊന്നും അതുവഴി കടന്ന് പോകാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. നിര്‍മാണ കമ്പനി തൊഴിലാളികളുടെ അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.
ഉയരപ്പാതയുടെ നിര്‍മാണത്തിന് സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതി രൂക്ഷമായിരിക്കെയാണ് കോണ്‍ക്രീറ്റ് മിശ്രിതം താഴെ വീണത്. ഇതോടെ ഉയരപ്പാതയുടെ സുരക്ഷയിലും നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
#During #construction #elevated #road #slab #leaked #concrete #mixture #fell #national #highway
