തൃശൂർ: ( www.truevisionnews.com) ഫെഡറൽ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ വാഹനത്തെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്ന് റൂറൽ എസ്പി. സ്കൂട്ടർ തേടി ഇടവഴികളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പ്രധാനപാതകളിലും അടക്കം പരിശോധന നടത്തുന്നുണ്ട്.

ബാങ്കിലെ ടേബിളിൽ നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് മോഷ്ടാവ് എടുത്തതെന്നും റൂറൽ എസ് പി പറഞ്ഞു. ബാങ്കിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് മോഷ്ടാവ്. മോഷ്ടാവ് പോയ വഴികളെ സംബന്ധിച്ചും സൂചനയുണ്ടെന്നും റൂറൽ എസ്പി വ്യക്തമാക്കി.
കവർച്ചയ്ക്ക് പിന്നിൽ മോഷണത്തിൽ പരിചിതനായ വ്യക്തിയാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിൽ പരിചിതനായ ആൾ ഉച്ചസമയത്ത് കവർച്ച നടത്തില്ലെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിന്റെ അകത്ത് കയറിയ മോഷ്ടാവ് ക്യാഷ് കൗണ്ടറിലെ ജീവനക്കാരിയോട് താക്കോൽ എവിടെ എന്ന് ഹിന്ദിയിലാണ് ചോദിച്ചത്. ഇയാൾ ഇതര സംസ്ഥാനക്കാരനാണോ, അതോ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഹിന്ദി സംസാരിച്ചതാണോ എന്നും പൊലീസിന് സംശയമുണ്ട്.
മോഷണത്തിന് ശേഷം പുറത്തിറങ്ങിയ ഇയാൾ സ്കൂട്ടറുമായി ഇടവഴികളിലൂടെയാണ് കടന്നുകളഞ്ഞത്. കവർച്ച നടത്തിയത് 35 വയസിന് താഴെയുളള ആളാണെന്നും പൊലീസിന് നിഗമനമുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്.
ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി.
പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു. രണ്ടര മിനിറ്റ് കൊണ്ടാണ് ഇയാൾ പണം കവർന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
#thief #took #only #15 #lakh #out #45 #lakh #said #police #potta #federal #bank #stolen #case
