കൊച്ചി: ( www.truevisionnews.com ) കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി.

ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചു. വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും വിശദീകരണം നല്‍കണം. ആനകളെക്കുറിച്ചുള്ള വിശദാംശംങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. എന്താണ് ഇത്തരമൊരു ദുരന്തമുണ്ടാവാന്‍ കാരണമെന്ന് കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ട്.
ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചത്.
അതേസമയം, ആനയെ എഴുന്നള്ളിച്ചതില്‍ നാട്ടാന പരിപാലന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയതായും അവര്‍ അറിയിച്ചു. ക്ഷേത്രത്തിന് എഴുന്നള്ളത്ത് നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് നിര്‍ദേശിച്ചതായും കീര്‍ത്തി വ്യക്തമാക്കി.
#high #court #temple #elephant #incident
