അകോള (മഹാരാഷ്ട്ര): (truevisionnews.com) മഹാരാഷ്ട്രയിലെ അകോളയിൽ എൻ.സി.പി മുൻ എം.എൽ.എ തുക്കാറാം ബിഡ്കർ (73) ബൈക്കപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ സഹയാത്രികനായ രാജ്‌ദത്ത മങ്കറും (48) മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശിവ്‌നി പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം 3:30 ഓടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പിക്കപ്പ് വാഹനവുമായി ഇടിച്ചത്. അപകടത്തിൽ തുക്കാറാം ബിഡ്കർക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
തിരക്കേറിയ ഹൈവേയിൽ പിക്കപ്പ് ട്രക്ക് ഇരുചക്രവാഹനത്തിൽ ഇടിക്കുന്നതു കാണിക്കുന്ന സി.സി.ടി.വി ദൃശ്യം ഓൺലൈനിൽ വൈറലായി.
മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയെ ശിവ്‌നിയിലെ വിമാനത്താവളത്തിൽ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബിഡ്കർ 2004 മുതൽ 2009 വരെ മുർതിസാപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
വിദർഭ വികസന കോർപറേഷന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ട്രക്ക് ഡ്രൈവറെ അകോല എം.ഐ.ഡി.സി പൊലീസ് അറസ്റ്റ് ചെയ്യുകയും അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
#Bike #hit #pickup #accident #Two #people #died #including #former #MLA
