മംഗളൂരു: (truevisionnews.com) 12 വയസ്സുകാരന്റെ നെഞ്ചില്‍ കയറിയ ഓലമടലും മാലയും നീക്കം ചെയ്ത് ജീവന് രക്ഷിച്ചു. മംഗളൂരു ഗവ. വെന്‍ലോക്ക് ആശുപത്രിയിലെ സി.ടി.വി.എസ് സംഘം പ്രത്യേക ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

അസമിലെ ഗുവാഹതിയില്‍നിന്നുള്ള കുടുംബത്തിൽ അംഗമായ കമാൽ ഹുസൈനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. മാതാപിതാക്കള്‍ കുടക് മടിക്കേരിയിലെ ഒരു കാപ്പി എസ്റ്റേറ്റില്‍ തൊഴിലാളികളാണ്.
ശനിയാഴ്ച കുട്ടി കളിച്ചുകൊണ്ടിരിക്കെ സമീപത്ത് വെട്ടിയിട്ട തെങ്ങോലയിലേക്ക് വീഴുകയായിരുന്നു. കുട്ടി ധരിച്ച സ്റ്റീല്‍ മാലക്കൊപ്പം 20 സെന്റീമീറ്റര്‍ നീളമുള്ള ഓല മടലിന്റെ കഷണവും നെഞ്ചില്‍ തറച്ചുകയറി.
മടിക്കേരി ഗവ. ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്കു ശേഷം തുടര്‍ചികിത്സക്കായി വെന്‍ലോക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വെന്‍ലോക്ക് ആശുപത്രിയിലെ ഡോ. സുരേഷ് പൈയുടെ നേതൃത്വത്തിലുള്ള കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി (സി.ടി.വി.എസ്) സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കമാൽ സുഖം പ്രാപിച്ചുവരുന്നു.
#12year #old #boy's #life #saved #removing #necklace #necklace #from #his #chest.
