തിരുവനന്തപുരം: (www.truevisionnews.com) കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാംപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി.

നിയമസഭയിൽ എൻ. ജയരാജിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ക്രൈം നമ്പര്‍ 170/2025 ആയി ഏറ്റുമാനൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതി ജിബിന്‍ ജോര്‍ജ് റിമാൻഡിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘‘ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം നിറവേറ്റുന്നതിനിടെയാണു ശ്യാംപ്രസാദ് അതിദാരുണമായി കൊല്ലപ്പെട്ടത്. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ശ്യാംപ്രസാദിന്റെ കുടുംബത്തിനു നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്’’ – മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ഡ്യൂട്ടിക്കുശേഷം മടങ്ങവെ രാത്രി പതിനൊന്നരയോടെയാണ് ഏറ്റുമാനൂരിൽ തട്ടുകട നടത്തിയിരുന്ന സ്ത്രീയെയും സഹായിയെയും ഒരാൾ മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശ്യാമിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇതു തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി ശ്യാംപ്രസാദിനെ മാരകമായി ചവിട്ടി പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി മൂന്നിനു പുലർച്ചെയാണു ശ്യാംപ്രസാദ് മരിച്ചത്.
#ChiefMinister #policeman #killed #fulfilling #responsibility #accused #maximum #punishment
